പ്രതീകാത്മക ചിത്രം
തൃശൂർ: ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ റപ്പായേൽ മാലാഖയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തിരുനാൾ ആഘോഷം 16വരെ നടക്കുമെന്നു വികാരി ഫാ. ജോസ് വല്ലൂരാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജാതിമതഭേദമന്യേ നിർധനരായ യുവതികൾക്കു വിവാഹസഹായം, കിടപ്പുരോഗികൾക്കു സൗജന്യ തിരുനാൾഭക്ഷണ വിതരണം, ഭക്ഷ്യകിറ്റ് വിതരണം, 140 പേർക്കു ഡയാലിസിസ് സാന്പത്തികസഹായം, ഭവന നിർമാണം, ചികിത്സാസഹായം, മെഡിക്കൽ- രക്തദാന ക്യാന്പുകൾ, നേത്രദാന കർമപദ്ധതി, കേശദാനം എന്നിവയാണു സംഘടിപ്പിക്കുന്നത്.
ഇന്നലെ രാത്രി ദീപാലങ്കാര സ്വിച്ച് ഓണ് കർമം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ഇന്നു വൈകിട്ട് 4.15 നു മരിയൻ സമർപ്പണം. 4.45നു സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലി. തുടർന്ന് പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും സഹവിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ എഴുന്നള്ളിക്കൽ. നാളെ രാത്രി പതിനൊന്നോടെ ഇടവകയിലെ 38 കുടുംബകൂട്ടായ്മകളിൽനിന്നുള്ള അന്പു പ്രദക്ഷിണം പള്ളിയിൽ എത്തും.
15നു രാവിലെ ആറ്, 7.30, ഒന്പത് സമയങ്ങളിൽ ദിവ്യബലികൾ. 10.30ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ തിരുനാൾ ദിവ്യബലി. 3.30നു ദിവ്യബലി. തുടർന്നു തൃശൂർ പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിലേക്ക് ജപമാല പ്രദക്ഷിണം. വൈകീട്ട് 6.30നു കിരീടം എഴുന്നള്ളിപ്പ് പരിശുദ്ധ വ്യാകുല മാതാവിന്റെ ബസിലിക്കയിൽനിന്ന് വാദ്യമേളങ്ങളോടെ ആരംഭിച്ച് രാത്രി 11.30നു ലൂർദ് കത്തീഡ്രലിൽ സമാപിക്കും. 16നു രാവിലെ 7.30ന് ഇടവകയിലെ പരേതർക്കുവേണ്ടി ദിവ്യബലി. വൈകീട്ട് അഞ്ചിനു ദിവ്യബലിക്കുശേഷം ആറിനു മെഗാ ബാൻഡ് വിസ്മയം. ഒന്പതിന് ആകാശവിസ്മയം എന്നിവയുണ്ടാകും.
ആഘോഷത്തോടനുബന്ധിച്ച് ഇന്നു മുതൽ 15വരെ കത്തീഡ്രൽ സെന്ററിനറി ഹാളിൽ നടക്കുന്ന മരിയൻ എക്സ്പോ 2026ൽ ലീജിയൻ ഓഫ് മേരി തൃശൂർ, ലൂർദ് പ്രസീദിയം എന്നിവർ അവതരിപ്പിക്കുന്ന ദൃശ്യകലാവിരുന്ന് ഫ്രാൻസീസ്കൻ റോസറി ഉണ്ടാകും. ഇലകളും കുരുത്തോലകളും ഉപയോഗിച്ച് നൂറടിയോളം നീളത്തിൽ ഒരുക്കിയ ഫ്രാൻസിസ്കൻ കൊന്ത പ്രദർശിപ്പിക്കും.
പത്രസമ്മേളനത്തിൽ സഹവികാരിമാരായ ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, ഫാ. ഗോഡ്വിൻ കിഴക്കൂടൻ, ജനറൽ കൺവീനർ ജോർജ് മഞ്ഞില, പിആർഒ ലൂവി കണ്ണാത്ത്, അജി ഫ്രാൻസിസ്, ആന്റണി തോട്ടാൻ, ആന്റോ പാലത്തിങ്കൽ, സോജൻ ജോർജ് എന്നിവരും പങ്കെടുത്തു.
Tags :