പ്രതികൾ
നെടുമങ്ങാട്: കണ്ണമ്മൂല വിഷ് ണു കൊലക്കേസിൽ എട്ടു പ്രതികൾ കുറ്റക്കാരെന്നു നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
ഒന്നുമുതൽ എട്ടു വരെ പ്രതികളായ കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ, കണ്ണമ്മൂല തോട്ടരികത്ത് വീട്ടിൽ ആർ.ലല്ലു, കണ്ണമ്മൂല തോട്ടുവരമ്പിൽ വീട്ടിൽ ബി. രാജേഷ്, കണ്ണമ്മൂല മുടുമ്പിൽ വീട്ടിൽ സനൽകുമാർ എന്ന എം. സഞ്ജു, കണ്ണമൂല കുളവരമ്പിൽ വീട്ടിൽ എസ്.ശ്രീനാഥ്, പട്ടം പിടിസി നഗറിൽ മഠത്തുവിളാകം വീട്ടിൽ വിജീഷ് എന്ന വി. വിഷ്ണു, കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ജെ. മനു, കൊല്ലൂർ തോട്ടുവരമ്പിൽ വീട്ടിൽ ഡിനി ബാബു എന്നിവരെയാണ് സ്പെഷൽ കോടതി ജഡ്ജി ഷാജഹാൻ കുറ്റക്കാരെന്നു കണ്ടെത്തിയത്. ആകെ 12 പ്രതികളാണു കേസിലുണ്ടായിരുന്നത്. ജയൻ, അജീഷ്, ഉണ്ണികൃഷ്ണൻ, ദിലീപ് എന്നീ പ്രതികളെ വെറുതെ വിട്ടു.
ഒന്നാം പ്രതി അരുണിന് പേട്ട, മെഡിക്കൽ കോളജ്, വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പയുൾപ്പടെ 19 കേസുകളിൽ നിലവിലുണ്ട്. 2016 ഒക്ടോബർ ഏഴിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതികൾ സംഘം ചേർന്നു വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. 18 വയസായിരുന്നു കൊല്ലപ്പെടുമ്പോൾ വിഷ്ണുവിന്റെ പ്രായം. അക്രമത്തിൽ വിഷ് ണുവിന്റെ അച്ഛൻ അനിൽകുമാർ, അമ്മ ബിന്ദു കുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ടാം പ്രതി ഡിനി ബാബുവിന്റെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അനിൽകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.144 തൊണ്ടി വസ്തുക്കളും ആറു തെളിവ് രേഖകളും കോടതിയിൽ ഹാജരാക്കി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തിയാണു പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.കേസിൽ സർക്കാർ നിയമിച്ച അഡ്വ. സാജൻ പ്രസാദായിരുന്നു സ്പെഷൽ പ്രോസിക്യുട്ടർ.