നിപിൻ നാരായണൻ
പെരുമ്പടവ്: ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കണ്ണൂർ വെള്ളോറ സ്വദേശിയുടെ സിനിമയും. നിപിൻ നാരാണൻ രചന, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച കാത്തിരിപ്പ് എന്ന 81 മിനിട്ട് ദൈർഘ്യമുള്ള സിനിമയാണ് മെൽബൺ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു കഥാപാത്രങ്ങൾക്കിടയിൽ ഒരു രാത്രിയിൽ സംഭവിക്കുന്ന ചില സംഘർഷ നിമിഷങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
പത്തുലക്ഷത്തിൽ താഴെയായുള്ള ബജറ്റിൽ ഒന്പതു ദിവസം കൊണ്ടാണ് സിനിമ പൂർത്തീകരിച്ചത്.
കാത്തിരിപ്പ് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മലയാള സിനിമ ടുഡെ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി നടന്ന വിവിധ മേളകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പയ്യന്നൂർ കോളജിലെ പഠന കാലത്ത് മാഗസിൻ എഡിറ്ററായിരുന്ന നിപിൻ ബിരുദ പഠനത്തിന് ശേഷം കോട്ടയത്തെ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന ശേഷമാണ് സിനിമാ രംഗത്ത് സജീവമായത്. താടിക്കാരൻ രഞ്ജു, ജിതീഷ് റേച്ചൽ സാമുവൽ എന്നീ രണ്ടുപേർ മാത്രമാണ് കാത്തിരിപ്പിലെ അഭിനേതാക്കാൾ. എലിസബത്ത് മാത്യുവും രഞ്ജു താടിക്കാരനും ആണ് നിർമാണം. ആദർശ് ജി. കൃഷ്ണൻ കാമറയും, അമൽ ആന്റണി ലാസർ എഡിറ്റിംഗും നിർവഹിച്ചു, സംഗീതം ഫെബിൻ തോമസും ശബ്ദ രൂപകല്പന ഗോകുൽ ആർ. നാഥ് നന്ദഗോപുമാണ് നിർവഹിച്ചത്.
നിപിനിന്റെ സുഹൃത്തുക്കളും സഹപാഠികളും തന്നെയാണ് അഭിനയവും മറ്റു സാങ്കേതിക മേഖലയിലും സിനിമയ്ക്കായി പ്രവർത്തിച്ചതെന്ന പ്രത്യേകതയുമുണ്ട്.
അരിമ്പാറ, എതിര് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ഉള്ളം, നീയാനന്ദം തുടങ്ങിയ സംഗീത വീഡിയോകളും തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നൊസ്റ്റാൾജിയത്തിന്റെ പുസ്തകം, ഇത്, സങ്കടാവണ്ട എന്നീ പുസ്തകങ്ങളും നിപിൻ രചിച്ചിട്ടുണ്ട്.
Tags : Nattuvishesham District News Kannur native's film Melbourne Film Festival