പ്രതീകാത്മക ചിത്രം
കൊണ്ടോട്ടി: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താത്ക്കാലികമായി റെഡ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിട്ടു.
ബിഎന്‍എസ്എസ് 2023 ലെ 163-ാം വകുപ്പ് പ്രകാരമാണിത്. ഇന്നും മലേഷ്യന്‍ പ്രധാനമന്ത്രി ജില്ലയിലുണ്ടാകും.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറമെ കൊണ്ടോട്ടി നഗരസഭ, വിവിഐപി യാത്ര ചെയ്യുന്ന പാതയോരത്തെ പഞ്ചായത്തുകള്‍, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി തുല ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയും അതിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവും ഉള്‍പ്പെടുന്ന പ്രദേശങ്ങളുമാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുന്നത് വരെയാണ് ഉത്തരവിന് പ്രാബല്യമുണ്ടാവുക. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ബലൂണുകള്‍, പട്ടങ്ങള്‍, ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങള്‍, പ്രകാശം വമിക്കുന്ന വസ്തുക്കള്‍, ലേസര്‍ ബീമുകള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചു. വിമാനങ്ങളുടെയോ വിവിഐപിയുടെയോ സഞ്ചാരത്തിന് തടസമാകുന്ന രീതിയിലുള്ള ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.
Tags : Red Zone. NattuVishasham DistrictNews