അമ്പലപ്പുഴ: ഒൻപതാമത് കരുമാടി ജലോത്സവം നാളെ നടക്കും. കരുമാടിക്കുട്ടൻസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളുടെ സഹകരണത്തോടെ കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപമാണ് ജലോത്സവം നടക്കുന്നതെന്ന് ജലോത്സവ സമിതി ചെയർപേഴ്സൺ കൂടിയായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജലോത്സവ സമിതി കൺവീനർ സി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം, പഞ്ചായത്തംഗങ്ങളായ കരുമാടി മുരളി, ബിന്ദു, കരുമാടിക്കുട്ടൻസ് പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി ഷാജി എന്നിവർ അറിയിച്ചു.
നിരണം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻ, ചമ്പക്കുളം ബോട്ട് ്ലബ്ബിന്റെെ ചമ്പക്കുളം ചുണ്ടൻ, ആനാരി ബോട്ട് ക്ലബ്ബിന്റെ ആനാരി, ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര എന്നീ ചുണ്ടൻ വള്ളങ്ങളും വെപ്പ് എ ഗ്രേഡിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡിൽ നാലു വള്ളങ്ങളും തെക്കനോടി വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഫൈബർ ചുണ്ടൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ജലോത്സവത്തിൽ മാറ്റുരയ്ക്കും. ഇതാദ്യമായി വള്ളംകളിക്കായി ജില്ലാ പഞ്ചായത്തിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ധന സഹായം അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് രണ്ടിന് സാംസ്കാരിക- ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ജലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജി. സുധാകരൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും മാസ്ഡ്രിൽ സ്വീകരണവും മന്ത്രി എം. ലിജു നിർവഹിക്കും.
റെജി ചെറിയാൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഫ്ലാഗ് ഓഫ് നിർവഹിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പോലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഐപിഎസ് സമ്മാനദാനം നിർവഹിക്കും. കെ. കവിത അധ്യക്ഷത വഹിക്കും. കെഎസ്ബിആർഎ സംസ്ഥാന പ്രസിഡന്റ് ആർ.കെ. കുറുപ്പ് മുഖ്യാതിഥിയാകും. തുടർന്ന് കൈനകരി നവഭാവന കലാവേദിയുടെ വഞ്ചിപ്പാട്ടും നടക്കും.
Tags : Nattuvishesham Districtnews Karumadi