പ്രതീകാത്മക ചിത്രം
മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്രവും ശാസ്ത്രീയവുമായ വിവരശേഖരണത്തിനായി ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന "എം സഹജീവനം’ സമഗ്ര ഭിന്നശേഷി സെൻസസിന്റെ പൈലറ്റ് സർവേ വേങ്ങര ഗ്രാമപഞ്ചായത്തിൽ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെ വീടുകൾ ജിയോ ടാഗ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കണ്ടെത്തി വിവിധ വിഭാഗങ്ങളിലായി വിവരങ്ങൾ ശേഖരിച്ചാണ് പൈലറ്റ് സർവേ പൂർത്തിയാക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻഎസ്എസ് വോളണ്ടിയർമാർ, കെഎസ്എസ്എം വയോമിത്രം പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പഞ്ചായത്തിലെ ഓരോ വാർഡിലെയും ഭിന്നശേഷിക്കാരെ വിവിധ വിഭാഗങ്ങളായി ക്രമീകരിച്ച് പ്രാഥമിക പട്ടിക തയാറാക്കി. തുടർന്ന് വാർഡ് മെംബർമാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ പ്രത്യേക ടീമുകൾ രൂപീകരിച്ച് വീടുകളിലെത്തി നേരിട്ട് വിവരശേഖരണം നടത്തിയാണ് സെൻസസ്പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി വിവരശേഖരണം നടത്തിയാണ് പൈലറ്റ് സർവേയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ് ലു, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൾ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സബ്ന ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
വേങ്ങരയിൽ വിജയകരമായി പരീക്ഷിച്ച മാതൃക ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പാക്കി ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും സമഗ്ര വിവരശേഖരണം നടത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ വികസന കമ്മീഷണർ കൂടിയായ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര അറിയിച്ചു.
Tags : Nattuvisesham DistrictNews DeepikaNews