ആലോചനായോഗത്തിൽ മന്ത്രി കെ.എം. ഷാജി പ്രസംഗിക്കുന്നു.
ബദിയടുക്ക: കാസര്‍ഗോഡ് ഗവ മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിര്‍മാണം വരുന്ന ഒക്ടോബറിലും ആശുപത്രി കെട്ടിടത്തിന്റെ പ്രധാന ബ്ലോക്ക് ഡിസംബറിലും മറ്റു ബ്ലോക്കുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചിലും പൂര്‍ത്തിയാക്കാൻ ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയില്‍ ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജിൽ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം രണ്ടാമത്തെ എംബിബിഎസ് ബാച്ചിന്റെ പ്രവേശനത്തിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികൾ ഈ സമയപരിധിക്കുള്ളിൽതന്നെ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എം. ഷാജി കർശന നിര്‍ദേശം നല്കി.
വൈദ്യുതി ലഭ്യത സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് അനുവദിച്ച തുക ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു.പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെയും കാഷ്വല്‍ ഒപി, ബ്ലഡ് ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന സി ബ്ലോക്കിന്റെയും നിര്‍മാണം ഈ വര്‍ഷം ഡിസംബറിനകം പൂര്‍ത്തിയാക്കും.
നിർമാണപ്രവൃത്തികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി, യുഎല്‍സിസി, കിറ്റ്കോ പ്രതിനിധികളുടെ യോഗം ഒരാഴ്ചയ്ക്കകം ചേരും. വിവിധ പ്രവൃത്തികൾക്ക് കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
വിദ്യാര്‍ഥികള്‍ക്കുള്ള ലാബ് സംവിധാനങ്ങള്‍ 75 ദിവസത്തിനകം പൂർത്തീകരിക്കും. എംഎല്‍എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ശങ്കര, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയുടെ മാനേജിംഗ് ഡയറക്ടര്‍ പി.രാജേഷ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പ്രവീണ്‍, പ്രിന്‍സിപ്പൽ ഡോ.അരുണ്‍ കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ പി.രാജ് എന്നിവർ പങ്കെടുത്തു.