പാലക്കാട്: ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട്- തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ചെക്ക്പോസ്റ്റുകളിലും ഇടവഴികളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എം. മുരളി മോഹനന് അധ്യക്ഷനായി. ലഹരിവസ്തുക്കളുടെ കടത്തും വ്യാജമദ്യനിര്മാണവും പൂര്‍ണമായി തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. കള്ളുചെത്ത് തോപ്പുകളില്‍ വ്യാജ കള്ള് നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ലഹരിവില്പന തടയുന്നതിനായി സ്കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകള്‍ തുടരും. ഇതിനായി വാര്‍ഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഉടനടി കര്‍ശന നടപടിയെടുക്കുമെന്നും പൊതുജനങ്ങള്‍ക്ക് പാലക്കാട് എക്സൈസ് കണ്ട്രോള് റൂം നമ്പറായ 0491 2505897-ല്‍ പരാതികള്‍ അറിയിക്കാമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍. നൗഫല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 259 അബ്കാരി കേസുകളും 101 മയക്കുമരുന്നുകേസുകളും 1636 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തതായി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പരിശോധനകളില്‍ 736 ലിറ്റര്‍ സ്പിരിറ്റ്, 86 ലിറ്റര്‍ ചാരായം, 1081 ലിറ്റര്‍ വിദേശമദ്യം, 7784 ലിറ്റര്‍ വാഷ്, 32 കിലോഗ്രാം കഞ്ചാവ്, 32 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ഷീബ രാധാകൃഷ്ണന്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ശോഭന ജയപ്രകാശ്, ജില്ലാ വിമുക്തി മാനേജര്‍ വി. സജീവ്, ലഹരിവര്‍ജന ബോധവത്കരണ സമിതി പ്രസിഡന്റ് എം. കാദര്‍ മൊയ്തീന്, മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. അനൂപ്, ജനകീയ സമിതി അംഗങ്ങള്‍ തുടങ്ങിയിവര്‍ പ്രസംഗിച്ചു.