മാര്‍ ജോസഫ് കല്ലറങ്ങാട്ട് പെരിങ്ങുളം ഇടവകയില്‍ എത്തിയപ്പോള്‍.
പെരിങ്ങളം: പ്രകൃതിദുരന്തങ്ങളില്‍ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് കരുത്തുപകരാന്‍ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ കരുതല്‍ പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാൻ വിവിധപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.15 പുതിയ വീടുകളുടെ നിര്‍മാണവും 18 വീടുകളുടെ പുനര്‍നിര്‍മാണവും നിരവധി കുടുംബങ്ങളുടെ ജീവിതമാര്‍ഗം വീണ്ടെടുക്കലും ലക്ഷ്യംവച്ചുള്ള രൂപതയുടെ സമഗ്ര പദ്ധതിക്ക് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വം നൽകും.
വികാരി ജനറാൾമാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, പെരിങ്ങുളം പള്ളി വികാരി ഫാ. ജോര്‍ജ് മടുക്കാവില്‍, സഹവികാരി ഫാ. മാത്യു അമ്മോട്ടുകുന്നേല്‍, മംഗളഗിരി പള്ളി വികാരി ഫാ. തോമസ് കൊച്ചോടയ്ക്കല്‍, കെയര്‍ ഹോം ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. അഗസ്റ്റിന് കണ്ടത്തികുടിലില്‍ തുടങ്ങിയവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
ദുരിതബാധിതര്‍ക്ക് രൂപതയുടെ സ്നേഹോപഹാരവും ബിഷപ് സമ്മാനിച്ചു.