മാന്ദാമംഗലം: വെള്ളക്കാരിത്തടത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ആനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു.
മേഖലയിലെ കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, റബ്ബർ, കപ്പ തുടങ്ങിയ വിവിധതരം കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന ആനകൾ ജനവാസ മേഖലയിലേക്ക് കയറുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം എട്ട് ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
ആനയെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുക, കൃഷിനാശം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക, ജനവാസ മേഖലയോട് ചേർന്ന് സോളാർ ഫെൻസിംഗ് സ്ഥാപിക്കുക, രാത്രികാല പട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ആർആർടി ടീമിനെ സ്ഥിരമായി മേഖലയിൽ വിന്യസിക്കണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ഷാജി വാരപ്പെട്ടി, കൺവീനർ ബാബു എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി.
Tags : nattu vishesham Katanashalyam protest