കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുതിയ കെട്ടിടത്തിന്റെ അടിത്തറ നിർമിക്കാനായി എടുത്ത വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നു.
കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗംചേരും. ഗതാഗത മന്ത്രി സി.പി. ജോൺ, മന്ത്രി എം. ലിജു എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക. കെഎസ്ആർടിസി അധികൃതരും യോഗത്തിൽ പങ്കെടുക്കും. നിലവിൽ സ്റ്റാൻഡിൽ പുതിയ കെട്ടിടം പണിയുന്നതിനു നടപടി തുടങ്ങിയിരുന്നു. എന്നാൽ നിലവിലെ പദ്ധതി അശാസ്ത്രീയമാണെന്നാണു പ്രാഥമിക വിലയിരുത്തൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു നാലേക്കറോളം സ്ഥലമുണ്ട്.
തെക്കേ അറ്റത്ത് മൂന്നുവശത്തും റോഡാണ്. നിലവിലെ പ്ലാൻ പ്രകാരം തെക്കേയറ്റത്താണ് കെട്ടിടം നിർമിക്കുന്നത്. കെപി റോഡിന്റെ വികസനവും കെഎസ്ആർടിസി ജംഗ്ഷൻ നവീകരണവും നടക്കുമ്പോൾ ഇപ്പോൾ നിർമിക്കുന്ന കെട്ടിടം യാത്രക്കാർക്ക് പ്രയോജനമില്ലാതെവരും. അതിനാൽ, നിലവിലെ പ്ലാനിൽ മാറ്റം വരുത്തിയേക്കും. സ്ഥലസൗകര്യം വേണ്ടവിധം വിനിയോഗിക്കാതെ തയാറാക്കിയ പ്ലാനാണ് തിരിച്ചടിയായത്.
അടിത്തറ നിർമിക്കാനായി എടുത്ത വലിയ കുഴിയിൽ ഇപ്പോൾ വെള്ളം കെട്ടിക്കിടക്കുകയാണ്. അശാസ്ത്രീയമായ പ്ലാനുമായി മുന്നോട്ടുപോയാൽ നഗരത്തിന്റെ വികസനത്തിനു തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ. നിലവിൽ 60 ലക്ഷം രൂപയോളം ചെലവായെന്നാണ് കരാറുകാരുമായി ബന്ധപ്പെട്ടവർ പറയുന്നത്. നിലവിലെ പ്ലാൻ ഉപേക്ഷിച്ചാൽ ഇത്രയും പണം നഷ്ടമാകും. അതിനാൽ ഇപ്പോൾ വിനിയോഗിച്ച പണം നഷ്ടമാകാത്തതരത്തിൽ വിശാലമായ പദ്ധതി തയാറാക്കാനാണു നോക്കുന്നത്.
കെഎസ്ആർടിസി ഡിപ്പോയുടെ വടക്കേയറ്റത്ത് ദേശീയപാതയെയും കോടതി റോഡിനെയും ബന്ധിപ്പിച്ച് പുതിയറോഡ് നിർമിക്കുന്നതും പരിഗണനയിലുണ്ട്. പെട്രോൾ പമ്പ്, അത്യാധുനിക നിലവാരത്തിലുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങൾ എന്നിവയും വേണമെന്നാവശ്യം മാനേജ്മെന്റ് കമ്മിറ്റിയിൽ ഉയർന്നിട്ടുണ്ട്.
കെട്ടിടങ്ങൾ ജീർണാവസ്ഥയിലായതിനെത്തുടർന്ന് പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിൽ 19,500 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക ബസ് ടെർമിനൽ പണിയാനുള്ള നടപടി തുടങ്ങിയത്.
Tags : Nattuvishesham DistrictNews