പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഇഎസ്എയുമായി ബന്ധപ്പെട്ട് കേരളത്തിലെ മലയോര ജനതയുടെ ഭൂമി, പട്ടയം, ഉടമസ്ഥാവകാശം, കൃഷി, ഭവനം തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ സമഗ്രമായി പഠിക്കുകയും പരിഹരിക്കുകയും ചെയ്ത ശേഷമേ വിജ്ഞാപനം അന്തിമമാക്കാവൂവെന്ന് കെഎൽസിഎ കോഴിക്കോട് അതിരൂപത ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്, അതോടൊപ്പം തലമുറകളായി മലയോര മേഖലയിൽ താമസിക്കുകയും കൃഷി ഉപജീവനമാക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങളുടെ അവകാശങ്ങളും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് കെഎൽസിഎ ചൂണ്ടിക്കാട്ടി. ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങൾ വിശദമായ പഠനത്തിനും വിചിന്തനത്തിനും ഇടയാക്കണമെന്നും സമിതി നിർദേശിച്ചു.
ഇഎസ്എ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം മോൺ. റവ. ഡോ. വിൻസെന്റ് അറക്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ കോഴിക്കോട് അതിരൂപത പ്രസിഡന്റ് ബിനു എഡ്വേർഡ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന റവന്യു ഫോറം കൺവീനർ പ്രകാശ് പീറ്റർ, സംസ്ഥാന മലയോര ഫോറം കൺവീനർ വിൻസെന്റ് വട്ടപ്പറമ്പിൽ എന്നിവർ ചേർന്ന് വിഷയാവതരണം നടത്തി. അതിരൂപത വൈസ് പ്രസിഡന്റ് എ.ജെ. സണ്ണി, അതിരൂപത ജനറൽ സെക്രടറി കെ.വൈ. ജോർജ്, ഫ്ലോറ മെൻഡോൺസാ, തോമസ് ചെമ്മനം, വയനാട് നോർത്ത് മേഖല സെക്രട്ടറി ബേബി നാപ്പള്ളി, വൈസ് പ്രസിഡന്റ് ഷാജി തലപ്പുഴ, ഷാജു തലപ്പുഴ, ബീന സജി, ജെസി ലെസ്ലി, സൗത്ത് വയനാട് മേഖല പ്രസിഡന്റ് ബെൽസർ, ബെന്നി ചുണ്ട, എഡ്വിൻ, ജോജി ജോസ്, മലപ്പുറം മേഖല പ്രസിഡന്റ് റോബിൻ അതുൽ, സെബാസ്റ്റ്യൻ, മര്യാദാസ്, കോഴിക്കോട് മേഖല പ്രസിഡന്റ് സി. ഷാജി, മാക്സ്വെൽ ടൈറ്റസ്, ജൂഡി എന്നിവർ പ്രസംഗിച്ചു.