പ്രതീകാത്മക ചിത്രം
കൊച്ചി: ദീപക് ജോയിക്ക് പിൻഗാമിയായി എളമക്കര സൗത്തിലെ കൗൺസിലർ വി.ആർ. സുധീർ കൊച്ചി കോർപറേഷന്റെ ഡെപ്യൂട്ടി മേയർ ആയേക്കും. ഇന്നലെ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സുധീറിനെ പ്രഖ്യാപിച്ചു. എൽഡിഎഫിൽ നിന്ന് നസ്രേത്ത് കൗൺസിലറും എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ പി.ജെ. യേശുദാസും ബിജെപിയിൽ നിന്ന് തൃക്കണാർവട്ടം കൗൺസിലർ ജലജ എസ്.ആചാരിയുമാണ് എതിർ സ്ഥാനാർഥികൾ.
യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം കൗൺസിലിലുണ്ട്. 76 അംഗ കൗൺസിലിൽ സ്വതന്ത്രർ ഉൾപ്പെടെ 48 യുഡിഎഫ് അംഗങ്ങളാണുള്ളത്. എൽഡിഎഫിന് 22 പേരും ബിജെപിക്ക് ആറ് അംഗങ്ങളുമാണുള്ളത്.
ഇന്ന് രാവിലെ 11ന് കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ സുധീർ അടുത്ത ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ സ്ഥാനത്ത് ഒഴിവു വന്നത്.
ഡെപ്യൂട്ടി മേയർ പദവിക്കായി കോൺഗ്രസിൽ നിന്ന് ഒരു ഡസനോളം കൗൺസിലർമാർ രംഗത്തുണ്ടായിരുന്നതാണ്. ആദ്യ ടേം എ ഗ്രൂപ്പിനായതിനാൽ ആ ഗ്രൂപ്പിൽ നിന്നുള്ള ആൾക്കായിരിക്കും അവസരം ലഭിക്കുകയെന്ന് ഉറപ്പായിരുന്നു. സാമുദായിക സമവാക്യവും പരിചയസമ്പത്തും പരിഗണനയായി വന്നതോടെ എ ഗ്രൂപ്പിൽ നിന്നുള്ള എം.ജി. അരിസ്റ്റോട്ടിൽ, ഹെൻട്രി ഓസ്റ്റിൻ, കെ.എസ്. ഫ്രാൻസിസ് എന്നിവരെ പിന്തള്ളി ഈഴവ വിഭാഗത്തിൽ നിന്നുള്ള സുധീറിന് നറുക്കു വീണു. എ ഗ്രൂപ്പ് കാരൻകൂടിയായ സുധീർ ഇത് നാലാം തവണയാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്.
ടേം വ്യവസ്ഥയുള്ളതിനാല്‍ രണ്ടര വര്‍ഷത്തിനുശേഷം ഐ ഗ്രൂപ്പിന് ഡെപ്യൂട്ടി മേയര്‍ പദവി കൈമാറണം. രണ്ട് വര്‍ഷമാണ് എ ഗ്രൂപ്പിനു ശേഷിക്കുന്നത്. തുടര്‍ന്ന് ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറാകും.