വൈക്കത്തെ പമ്പിൽനിന്ന് പെട്രോൾ നിറയ്ക്കുന്നു.
വൈക്കം: തരിശുനിലങ്ങൾ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി കൃഷിയിറക്കുന്ന നിർധനരായ പാട്ടകർഷകർക്ക് കൃഷിയിടങ്ങളിൽ ജലസേചനം നടത്താൻ കുപ്പിയിലും കന്നാസിലും പെട്രോൾ ലഭിക്കാത്തത് കനത്ത പ്രഹരമാകുന്നു.100, 200 രൂപയ്ക്ക് പെട്രോൾ വാങ്ങി കൃഷിയിടത്തിൽ മോട്ടോറിന്റെ സഹായത്തോടെ ജലസേചനം നടത്തിവരുന്ന പാട്ടകർഷകർക്ക് സർക്കാർ നിർദേശത്തെ തുടർന്ന് പമ്പുകാർ കുപ്പികളിലും കന്നാസിലും പെട്രോൾ നൽകുന്നില്ല. ഇപ്പോൾ പെട്രോളിന് നൽകുന്നതിന്റെ ഇരട്ടി തുക വാഹന കൂലി നൽകി കർഷകർ എൻജിൻ പമ്പിലെത്തിച്ച് പെട്രോൾ നിറച്ചു വരികയാണ്.
കുപ്പിക്കും കന്നാസിനും പകരമായി ലോഹനിർമിതമായ കന്നാസിൽ കർഷകർ പെട്രോൾ വാങ്ങണമെന്നാണ് അധികൃതർ പറയുന്നതെന്ന് കർഷകർ ആരോപിക്കുന്നു. എന്നാൽ ലോഹത്തിൽ നിർമിച്ച കന്നാസിന് 7000 രൂപ ചെലവു വരും.
200 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ 7000 രൂപ മുടക്കാൻ നിർധനരായ പാട്ട കർഷകർക്ക് കഴിയില്ല. മറവൻതുരുത്ത് കുലശേഖരമംഗലം കൊടുപ്പാടം, ചെമ്മനാകരി തുടങ്ങിയ സ്ഥലങ്ങളിലെ പാട്ടകർഷകർ 200 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ 200 രൂപ വാഹനകൂലി നൽകണം. രണ്ട് ലിറ്റർ പെട്രോൾ ഉപയോഗിച്ച് രണ്ടു ദിവസം കൃഷിയിടം നനയ്ക്കാനാകും.
മഴ ലഭിക്കുന്ന മാസം 10 തവണയും മഴ ലഭിക്കാത്ത മാസം 15 ദിവസവും എൻജിൻ പമ്പിലെത്തിച്ച് പെട്രോൾ നിറയ്ക്കേണ്ട സ്ഥിതിയിലാണ് കർഷകർ. കർഷകർക്ക് പുറമെ ഹൗസ് ബോട്ടുകാർക്കും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽ മത്സ്യ ബന്ധനത്തിനും കക്കാ വാരാനും പോകുന്ന തൊഴിലാളികൾക്കും കുപ്പികളിലും കന്നാസിലും പെട്രോൾ ലഭിക്കാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കർഷകർക്കും മത്സ്യ കക്കാ തൊഴിലാളികൾക്കും വിനോദ സഞ്ചാരമേഖലയിലുള്ളവർക്കും ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെ അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ കുപ്പിയിലും കന്നാസിലും പെട്രോൾ ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.