ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ്കുമാർ സ്ഥലം സന്ദർശിക്കുന്നു.
കണ്ണൂർ: നഗരത്തിലെ ഓടകളിലേക്ക് ചില സ്ഥാപനങ്ങൾ ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നു. കാൽടെക്സ് ജംഗ്ഷനു സമീപം ഓട തകർന്ന് ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് കൾവർട്ട് നിർമിക്കാനായി എടുത്ത കുഴിയിലേക്കാണ് ഓടയിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുകിയെത്തിയതായി കണ്ടെത്തിയത്.
പ്രവൃത്തിക്കിടെ കുടിവെള്ളപൈപ്പ് പൊട്ടിയതോടെ ശുചിമുറി മാലിന്യം കുടിവെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഓടകളിലേക്ക് സ്ഥാപനങ്ങൾ ഒഴുക്കി വിടുന്നത് കണ്ടെത്താൻ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. ശുചിമുറി മാലിന്യം ഓടകളിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
ശക്തമായ പ്രക്ഷോഭം
ആരംഭിക്കും: ബിജെപി
കണ്ണൂർ: നഗരത്തിലെ മാലിന്യ പരിപാലനത്തിലും ഡ്രെയിനേജ് സംവിധാനങ്ങളിലും അനാസ്ഥ കാട്ടുന്ന കോർപറേഷൻ ജനങ്ങളുടെ ആരോഗ്യം പന്താടുകയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ. കാൽടെക്സ് ജംഗ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടിയ ഇടത്ത് ശുചിമുറി മാലിന്യം ഒഴുകിയെത്തിയത് ഗൗരവമുള്ള സംഭവമാണ്. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുമായി ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.കെ.വിനോദ് കുമാർ പറഞ്ഞു.