പ്രതീകാത്മക ചിത്രം
കണ്ണൂർ: മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള കണ്ണൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സന്ദർശിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സെക്രട്ടേറിയറ്റിലെ ചേംബറിൽ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. നിർമാണം തുടങ്ങിയ മേലെ ചൊവ്വ മേൽപ്പാലം സംബന്ധിച്ച പരാതികൾ, നിർദിഷ്ട തെക്കിബസാർ-കാൾടെക്സ് ഫ്ലൈഓവറിന്റെ പ്രായോഗികത എന്നിവ വിലയിരുത്തുന്നതിനാണ് പ്രധാനമായും വിദഗ്ധസംഘമെത്തുന്നത്.
തെക്കി ബസാർ-കാൾടെക്സ് മേൽപ്പാലം സംബന്ധിച്ച് നിലവിലുള്ള അലൈൻമെന്റ് പര്യാപ്തമല്ലെന്നും അത് പള്ളിക്കുന്നിലെ വനിതാ കോളജ് മുതൽ കണ്ണോത്തുംചാൽ വരെ നീട്ടിയാൽ മാത്രമേ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാവൂ എന്നും യോഗത്തിൽ പങ്കെടുത്ത ടി.ഒ.മോഹനൻ എംഎൽഎ ചൂണ്ടിക്കാട്ടി.
മേലെ ചൊവ്വ മേൽപ്പാലം പ്രവൃത്തിയിൽ ആകെ ആവശ്യമുള്ള 1.21 ഏക്കറിൽ 57 സെന്റ് സ്ഥലം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നും മുഴുവൻ സ്ഥലവും ഏറ്റെടുക്കാതെ പ്രവൃത്തി നടത്തുന്നത് പാതിവഴിയിൽ നിലയ്ക്കാൻ കാരണമാകുമെന്നും എംഎൽഎ പറഞ്ഞു. മാത്രമല്ല 420 മീറ്റർ മാത്രമുള്ള മേൽപ്പാലത്തിന്റെ കാര്യത്തിൽ വേണ്ടത്ര പരിശോധന വേണമെന്നും ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യത്തിൽ പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എത്രയും പെട്ടെന്ന് പ്രദേശം സന്ദർശിച്ച് ആവശ്യമായ റിപ്പോർട്ടുകൾ സമർപ്പിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികളും യോഗം ചർച്ചചെയ്തു. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് നടാൽ ഒകെ യുപി സ്കൂൾ അടിപ്പാത, മുണ്ടയാട് കീഴുത്തള്ളി സർവീസ് റോഡ് എന്നിവ പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അനിവാര്യമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഇക്കാര്യം നാഷണൽ ഹൈവേ അധികൃതരുമായും കേന്ദ്രമന്ത്രിയുമായും സംസാരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
അതോടൊപ്പം തീരദേശ റോഡ്, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി എന്നിവ സംബന്ധിച്ച് നിലവിലെ അലൈൻമെന്റ് അപാകത നിറഞ്ഞതാണെന്നും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിലും എംഎൽഎയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം വിളിച്ചുചേർക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, റോഡ്സ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ജനറൽ മാനേജർ, നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ഉമേഷ് ഗാർഗ്, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, മറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.