ജോയാഷ് അജോയ് മല്ലെക്കാട്ട്
കണ്ണൂർ: ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി മുംബൈ സ്വദേശിയും മലയാളിയുമായ ഏഴ് വയസുകാരൻ ജോയാഷ് അജോയ് മല്ലെക്കാട്ട്. ആറു മിനുട്ടും 26 സെക്കൻഡും കൊണ്ട് 185 ഇനം നായ്ക്കളെ തിരിച്ചറിയുകയും അവയുടെ പേര് പറയുകയും ചെയ്താണ് ജോയാഷ് റിക്കാർഡ് നേടിയത്.
ലാപ്ടോപ്പ് സ്ക്രീനിൽ ഇംഗ്ലീഷ് ബുൾഡോഗ്, ഫറവോ ഹൗണ്ട്, സ്പാനിഷ് മാസ്റ്റിഫ്, ഗ്രേറ്റ് ഡേൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ നിരവധി ഇനം നായ്കളെയാണ് ജോയാഷ് തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞത്. രണ്ട് സെക്കൻഡ് മാത്രമാണ് ഓരോ ഇനം നായയെ തിരിച്ചറിയാൻ ജോയാഷിന് വേണ്ടിവന്നത്. മികച്ച ഓർമശക്തി, സൂക്ഷ്മമായ നിരീക്ഷണപാടവം, നായ്ക്കളോടുള്ള അതീവ താത്പര്യം എന്നിവയാണ് ഈ നേട്ടത്തിന് ജോയാഷിനെ അർഹനാക്കിയത്.