തിരുനാൾ കൊടിയേറ്റ് കർമം ഇടവക വികാരി ഫാ.സി. ജോൺ പോൾ നിർവഹിക്കുന്നു.
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ വിശുദ്ധ അന്ത്രയോസ് അപ്പോസ്തലന്റെ പാദുകാവൽ തിരുനാളിന് കൊടിയേറി. തിരുനാൾ ഡിസംബർ 6ന് സമാപിക്കും, തിരുനാൾ കൊടിയേറ്റ് കർമം ഇടവക വികാരി ഫാ. സി. ജോൺ പോൾ നിർവഹിച്ചു. തുടർന്നുള്ള സമാരംഭ ദിവ്യബലിക്ക് ഫാ.ജോസഫ് ജോൺ മുഖ്യകാർമികത്വം വഹിച്ചു. ഫാ.എബിൻ പാപ്പച്ചൻ വചന സന്ദേശം നൽകി. ഇടവകയിലെ ബിസിസി യൂണിറ്റുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 72 അംഗങ്ങളാണ് തിരുനാൾ പ്രസിദേന്തിമാർ. ഇടവക ദിനമായ 30ന് രാവിലെ ഏഴിനുള്ള തിരുനാൾ ദിവ്യബലിക്ക് കൊല്ലം രൂപതാ മുൻ വികാർ ജനറൽ മൊൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 5. 30നുള്ള ഇടവക ദിനാഘോഷ പൊതുസമ്മേളനം കൊല്ലം രൂപത വികാരി ജനറാൾ മോൺ.ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികൾ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കൽ എന്നിവ നടക്കും.
അഞ്ചിന് വൈകുന്നേരം 4.30 നുള്ള ആഘോഷമായ വേസ്പരയ്ക്കും ദിവ്യബലിക്കും ഫാ. ബേണി വർഗീസ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോളി ഏബ്രഹാം വചനപ്രഘോഷണം നടത്തും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം. സമാപന ദിനമായ ആറിനു രാവിലെ ആറിന് ദിവ്യബലി എട്ടിന് ആഘോഷമായ തിരുന്നാൾ സമൂഹബലിക്ക് ഫാ. മനോജ് ആന്റണി മുഖ്യകാർമികത്വം വഹിക്കും. ഫാ. ലൈജു ഒസിഡി തിരുനാൾ ദിന വചന സന്ദേശം നൽകും.
വൈകുന്നേരം നാലിന് ഫാ. സി. ജോൺ പോൾ കൃതജ്ഞതാ ബലിക്ക് നേതൃത്വം നൽകും. ഫാ. റിജോ പോൾ വചനപ്രഘോഷണം നടത്തും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് പ്രദക്ഷിണം. കൊടിയിറക്കോട് കൂടി തിരുനാൾ സമാപിക്കും.ഇന്ന് മുതൽ 29വരെയും ഡിസംബർ ഒന്നുമുതൽ മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.30 ന് ജപമാല , ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും നടക്കും.
Tags : The flag-hoisting ceremony church NattuVishesham DistrictNews