കൂബ്ലിക്കാട് ബോട്ട്ജെട്ടി
മുഹമ്മ: പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ മുഹമ്മ പഞ്ചായത്തിലെ കൂബ്ലിക്കാട് ബോട്ടുജെട്ടി ശാപമോക്ഷം തേടുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പോകാൻ യാത്രക്കാർ ആശ്രയിച്ചിരുന്ന ബോട്ടുജെട്ടി ഇന്ന് അവഗണനയിലാണ്. വിനോദ സഞ്ചാരികളുമായി എത്തുന്ന ജലയാനങ്ങളാണ് ഇപ്പോൾ ബോട്ടുജെട്ടിയെ ആശ്രയിക്കുന്നത്.
ബോട്ടുജെട്ടിക്ക് വിളിപ്പാട് അകലെയാണ് പാതിരാമണൽ ദ്വീപ്. മുഹമ്മ ബോട്ടുകെട്ടിയിൽനിന്നും കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നും പാതിരാമണൽ ദ്വീപിലേക്ക് എപ്പോഴും ജലയാനങ്ങൾ കിട്ടും. നിരവധി സഞ്ചാരികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. കായിപ്പുറം ബോട്ടുജെട്ടിയിൽനിന്ന് ദ്വീപിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി വരുന്ന സമയം മതി കുബ്ലിക്കാട് ബോട്ടുജെട്ടിയിൽനിന്നു ദ്വീപിലേക്ക് എത്താൻ. എന്നാൽ, ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ നടപടിയില്ല.
തണ്ണിർമുക്കം, പുത്തൻകായൽ, കുമരകം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും കൂബ്ലിക്കാട് ബോട്ടുജെട്ടിയിൽനിന്ന് ജലയാനങ്ങൾ ഓപ്പറേറ്റ് ചെയ്യാവുന്നതാണ്. ഹൗസ് ബോട്ടുകൾക്കു സൗകര്യപ്രദമായി തങ്ങാൻ ബോട്ടുജെട്ടിയോടു ചേർന്ന് സൗകര്യമുണ്ട്. അധികാരികൾ മനസുവച്ചാൽ ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായി കുബ്ലിക്കാട് മേഖലയെ മാറ്റാൻ കഴിയും. വിനോദസഞ്ചാരികൾ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് എത്തിച്ചേരാൻ ഉപയോഗിക്കുന്ന ബോട്ട്ജെട്ടിയാണിത്. ഒട്ടേറെ വിനോദസഞ്ചാരികൾ ബോട്ടുജെട്ടിയിൽ അടുത്ത് നാട്ടിൻപുറത്തെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ച് മടങ്ങാറുണ്ട്.
കായലിന്റെ കിഴക്കൻ പ്രദേശത്തുനിന്ന് ഇക്കരയിലേക്കു സ്വദേശികളും വിദേശികളുമായ നിരവധി പേർ എത്തിച്ചേരുന്നത് ഈ ജെട്ടി മുഖേനയാണ്. ജെട്ടിയുടെ പുനരുദ്ധാരണത്തിന് പഞ്ചായത്ത് . മുഖേന വികസന പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്തംഗം വി.എം. സുഗന്ധി പറഞ്ഞു.
Tags : Kooblikad boat jetty nattuvishesham local news