കൊട്ടാരക്കര ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനത്തെ മണ്‍കൂന.
കൊട്ടാരക്കര : കൊട്ടാരക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മണ്‍കൂന നീക്കം ചെയ്യാന്‍ നടപടിയായി.
കൂടുതല്‍ മണ്ണുള്ളതിനാല്‍ ലേലം ചെയ്ത് വില്‍ക്കാനാണ് തീരുമാനം. ഇതിനായി നാളെ രാവിലെ 11ന് സ്കൂളില്‍ പരസ്യലേലം നടത്തും. മണ്ണ് നീക്കം ചെയ്യുന്നതോടെ ഇവിടുത്തെ പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കൊട്ടാരക്കരയുടെ മിനി സ്റ്റേഡിയം എന്ന നിലയിലാണ് സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 2024-25 വാര്‍ഷിക ബജറ്റില്‍ സര്‍ക്കാര്‍ രണ്ടു കോടി ഇതിനായി അനുവദിച്ചിരുന്നു.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് തയാറാക്കിയ പദ്ധതിക്ക് അനുസരിച്ചാണ് തുക അനുവദിച്ചത്. കായിക മേളകള്‍ നടത്താനുപകരിക്കും വിധം നിലവാരമുള്ള സ്റ്റേഡിയമാക്കി മാറ്റുകയാണ് ലക്ഷ്യം. ഗാലറി നിര്‍മാണം, പ്രവേശന കവാടമൊരുക്കല്, സ്കൂള്‍ മതില് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട മണ്ണ് ഗ്രൗണ്ടില്‍ത്തന്നെ കൂട്ടിയിട്ടിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഉപജില്ലാ കായിക മേള ഇവിടെ നിന്നും മാറ്റേണ്ടി വന്നു. ജില്ലാ കായികമേളയുടെ പല മത്സരങ്ങളും നടത്തിയിരുന്നതും കൊട്ടാരക്കരയാണ്. എന്നാല്‍ ഇത്തവണ അതും നടത്താനായില്ല. മണ്ണ് ലേലം ചെയ്ത് നീക്കം ചെയ്യുന്നതോടെ എല്ലാ പ്രതിസന്ധികളും മാറും. തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി വേഗത്തിലാക്കിയാല്‍ മിനി സ്റ്റേഡിയം മികച്ചതാകും.
വിശാലമായ കളിസ്ഥലം, ഗാലറി, പവലിയന്, ഇരുവശവും ഫ്ളഡ് ലൈറ്റുകള്‍, ചുറ്റും ഇരുമ്പുവേലി, പ്രവേശന കവാടം എന്നിവയാണ് പദ്ധതിയിലുള്ളത്.
ഫുട്ബോള്‍ കോര്‍ട്ട്, ലോംഗ് ജംബ് പിറ്റ്, തുറന്ന ജിംനേഷ്യം, ബാഡ്മിൻഡണ്‍ കോര്‍ട്ട് എന്നിവ തയാറാക്കും. പ്രഭാത നടത്തക്കാര്‍ക്കും പ്രയോജനപ്പെടും.