പേരാമ്പ്ര മരുതേരിയിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം കുതിച്ചു പൊങ്ങിയപ്പോൾ.
പേരാമ്പ്ര: പേരാമ്പ്ര മരുതേരിയിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി. പെരുവണ്ണാമൂഴിയിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന വലിയ പൈപ്പാണ് പൊട്ടിയത്. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി - കായണ്ണ കനാൽ റോഡിലാണ് സംഭവമുണ്ടായത്. ജലജീവൻ പദ്ധതിക്കായി പ്രവർത്തി നടത്തുന്ന മണ്ണ് മാന്തി യന്ത്രം അബദ്ധത്തിൽ തട്ടിയാണ് ജപ്പാൻ പദ്ധതി കുഴലിന്റെ ജോയന്റ് പൊട്ടിയത്. 50 അടിയോളം ഉയരത്തിലാണ് മണിക്കൂറുകളോളം ജലം കുതിച്ചുയർന്ന് ഒഴുകിയത്. റോഡിലും സമീപത്തെ പ്രധാന കനാലിലേക്കും വലിയ തോതിൽ ജല പ്രവാഹമുണ്ടായി.
പതിനൊന്നോടെ പൊട്ടിയ പൈപ്പിൽ നിന്ന് നാല് വരെ ജലം പുറത്തേക്ക് കുതിച്ചൊഴുകി. കുഴൽ പൊട്ടിയ വിവരമറിഞ്ഞ് അര മണിക്കൂറിനുള്ളിൽ പെരുവണ്ണാമൂഴി പ്ലാന്റിലെ ജല നിർഗമന വാൽവുകൾ പൂട്ടിയെങ്കിലും നാല് കഴിഞ്ഞാണ് ജലമൊഴുക്ക് നിന്നത്. ഇന്നു തന്നെ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിലയിരുത്തൽ.
ജപ്പാൻ പദ്ധതിയിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നവർക്ക് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ടാങ്കുകളിലുള്ള ജലം ഉപഭോക്താക്കൾക്ക് നൽകുമെന്ന് അധികൃതർ പറയുന്നു. പൈപ്പ് തകരാർ പരിഹരിച്ച് ഇന്നു തന്നെ ജല വിതരണം പുനസ്ഥാപിക്കുമെന്ന് പദ്ധതിയുടെ പെരുവണ്ണാമൂഴി പ്ലാന്റ് മാനേജർ അറിയിച്ചു.
Tags : pipewater Japan drinking wate NattuVishesham DistrictNews