കോട്ടയം: മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ഓണം കളറാക്കാന്‍ കുടുംബശ്രീ. ഓണക്കാലത്ത് മായമില്ലാത്ത വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇക്കുറിയും ഓണം ഫെയര്‍ ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഓണം സീസണ് ലക്ഷ്യമാക്കിയുള്ള പൂക്കൃഷിയെ പ്രളയം ചതിച്ചത് കുടംബശ്രീക്കു മുന്നില്‍ വെല്ലുവിളിയാണ്. ജില്ലാ ഫെയര്‍ അത്തം മുതല്‍ തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിലും തദ്ദേശസ്ഥാപനങ്ങളിലെ ഫെയറുകള്‍ അതത് ഗ്രാമപരിധിയിലുമാണ് ഒരുക്കുക.
ജില്ലയിലെ 78 സിഡിഎസുകള്‍ നേതൃത്വം നല്‍കും. 20ന് ആരംഭിച്ച് 25ന് സമാപിക്കും. മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകള്‍ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവര്‍ത്തനം. രണ്ട് ചന്തകള്‍ക്കായി 20,000 രൂപവീതമാണ് ചെലവിനായി നല്‍കുന്നത്. ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നത്. ആവശ്യമുള്ളയിടങ്ങളിലേക്ക് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ സാധനങ്ങളെത്തിക്കും.
ഓണസദ്യയും
ഓണം ഫെയറില്‍ ഓണസദ്യക്കാവശ്യമായ സാധനങ്ങൾക്കൊപ്പം മറ്റു ഭക്ഷ്യോത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയുണ്ടാകും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തെരഞ്ഞെടുക്കാം. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം.
തിരുവോണദിവസവും സദ്യയൊരുക്കാനുള്ള ആലോചനയുണ്ട്. വിഭവങ്ങളുടെയും പായസങ്ങളുടെയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളുടെ മേല്‍നോട്ടത്തിലാണ് സദ്യ തയാറാക്കുക.
കുടുംബശ്രീ ആദ്യമായാണ് കിറ്റൊരുക്കുന്നത്. 300 രൂപ മുതല്‍ 1000 രൂപ വരെയുള്ള കിറ്റുകളുണ്ട്. പച്ചക്കറിയും പൂക്കളും കിറ്റിലുണ്ടാവും. ഒരു സിഡിഎസില്‍ രണ്ടു ഫെയറുകള്‍ എന്ന കണക്കില്‍ ആകെ 156 ചന്തകളാണ് ഒരുങ്ങുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള സാധനങ്ങള്‍ എല്ലായിടത്തും തയാറായെന്നും ജില്ലയിലെ എല്ലാ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണെന്നും കുടുംബശ്രീ ജില്ലാ മാനേജര്‍ ജോബി ജോണ്‍ പറഞ്ഞു.