കോഴിക്കോട്: കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത പരിഹരിക്കുന്നതിനുമായി എം.എ. റസാഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും അവലോകന യോഗവും നടന്നു.
തുടര്‍ന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ നാട്ടുകാരുടെ പരാതികളും നിര്‍ദേശങ്ങളും കേട്ട എംഎല്‍എ, പ്രവൃത്തിയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് അറിയിച്ചു.
റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത രീതിയില്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ഇടങ്ങളില്‍ നടപ്പാത ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നിലവിലെ എസ്റ്റിമേറ്റിലെ പോരായ്മകള്‍ പരിഹരിച്ച് ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ ഉറപ്പുനല്‍കി.
യോഗത്തില്‍ റോഡ് കമ്മിറ്റി ചെയര്മാന് മുജീബ് റഹ്മാന് ഇടക്കണ്ടി അധ്യക്ഷനായി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജന്, എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode