മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകുന്നു.
ചെറുതോണി : ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന വൈദ്യുതി വകുപ്പും തമ്മിൽ നിലനിൽക്കുന്ന വാഴത്തോപ്പിലെ ഭൂമി തർക്കം പരിഹരിക്കുമെന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകിയതായി ജില്ലാ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. അര നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന തർക്കമാണിത്. ജില്ലാ ആസ്ഥാന വികസനത്തിനായി സർക്കാർ ഇടുക്കി വികസന അഥോറിറ്റി രൂപീകരിക്കുകയും ജില്ലാ ആസ്ഥാനത്തെ 322.974 ഹെക്ടർ സ്ഥലം 1998ൽ ഇടുക്കി വികസന അഥോറിറ്റിക്കു കൈമാറുകയും ചെയ്തിരുന്നു.
ഈ ഭൂമിയിൽ വാഴത്തോപ്പിൽ കെഎസ്ഇബിയുടെ കൈവശമിരുന്ന 41.8872 ഹെക്ടർ സ്ഥലവും ഉൾപ്പെട്ടിരുന്നു. ഈ ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഇടുക്കി വികസന അഥോറിറ്റി തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇടുക്കി വികസന അഥോറിറ്റിയുടെ തീരുമാനത്തിനെതിരേ കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
1964ൽ ഇടുക്കി പ്രോജക്ടിന് വനംവകുപ്പിൽനിന്നു പാട്ടം വ്യവസ്ഥയിൽ ലഭിച്ച ഭൂമിയാണെന്നായിരുന്നു കെഎസ്ഇബിയുടെ വാദം. 2000ത്തിൽ ഈ വിഷയം ഹൈപ്പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തി കോടതി ഉത്തരവായി.
ഹൈപ്പവർ കമ്മിറ്റി വിവിധ തീയതികളിൽ യോഗം ചേർന്നെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. 2007ൽ ഇടുക്കി വികസന അഥോറിറ്റി ഇടുക്കി ജില്ലാ പഞ്ചായത്തിൽ ലയിപ്പിച്ചു. 2008ൽ ചേർന്ന ഹൈപ്പവർ കമ്മിറ്റി ചെറുതോണി, വാഴത്തോപ്പ്, തടിയമ്പാട് റോഡിന് ഇടതുവശത്തുള്ള സ്ഥലം ജില്ലാ പഞ്ചായത്തിനും വലതുവശത്തുള്ള സ്ഥലം കെഎസ്ഇബിയിലും നിലനിർത്തുവാൻ നിർദേശിച്ചു.
ജില്ലാ പഞ്ചായത്തിനു ലഭിക്കേണ്ട സ്ഥലത്തുള്ള കെഎസ്ഇബിയുടെ നിർമാണങ്ങളുടെ നഷ്ടം കെഎസ്ഇബിക്ക് ജില്ലാ പഞ്ചായത്ത് നൽകണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി നിർദേശിച്ച തുക ജില്ലാ പഞ്ചായത്ത് കെഎസ്ഇബിക്ക് നൽകുകയും 2019ൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇരുകൂട്ടരും തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകൾ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ വൈദ്യുതി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് വിഷയം അവതരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് വിഷയത്തിൽ ഇടപെടുമെന്നും പ്രശ്നം ഉടൻ പരിഹരിച്ച് ഉത്തരവാകുമെന്നും മന്ത്രി അറിയിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, ജില്ലാ പഞ്ചയത്തംഗം മനോജ് കോക്കാട്ട് തുടങ്ങിയവർ നിവേദക ഘത്തിൽ ഉണ്ടായിരുന്നു.