പേയിളകിയ പശുവിനെ വെടിവയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കാത്ത് ഇരിട്ടി വള്ളിയാട് വയലിൽ കാത്തിരിക്കുന്ന ജനപ്രതിനിധികളും നാട്ടുകാരും.
ഇരിട്ടി: പേവിഷബാധയുടെ ലക്ഷണങ്ങളോടെ അക്രമാസക്തമായ പശുവിനെ ദയാവധത്തിന് വിധേയമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനായി കാത്തിരുന്നത് 19 മണിക്കൂർ. ഉത്തരവ് ലഭിച്ചപ്പോഴേക്കും പശു സ്വാഭാവിക മരണത്തിന് കീഴടങ്ങി.
ഇരിട്ടി നഗരസഭയിലെ വള്ളിയാട് മേഖലയിലാണ് അധികൃതരുടെ നടപടിക്രമങ്ങളിലെ കാലതാമസം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. വള്ളിയാട്ടെ വാഴക്കാത്ത് ഹൗസിൽ ചന്ദ്രന്റെ പശുവിനാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഉടമയ്ക്കും വഴിയിലൂടെ പോയ യുവാവിനും വയലിൽ തീറ്റയെടുക്കുകയായിരുന്ന പോത്തിനും നേരേ പശു പാഞ്ഞടുത്തു. തുടർന്ന് പശുവിനെ ഉറപ്പുള്ള കയറുപയോഗിച്ച് വയലിൽ തളയ്ക്കുകയായിരുന്നു.
വായിൽനിന്ന് അമിതമായി ഉമിനീർ ഒഴുകുന്നതും അസാധാരണമായ കരച്ചിലും അക്രമാസക്തമായ പെരുമാറ്റവും കണക്കിലെടുത്ത് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. രാത്രി ഏഴോടെ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും പശുവിന്റെ അക്രമസ്വഭാവം കാരണം അടുത്തേക്ക് എത്താനായില്ല. വ്യാഴാഴ്ച രാവിലെ തഹസിൽദാർ എൻ. സീമയുടെയും വെറ്ററിനറി ഡോക്ടർമാരുടെയും നേതൃത്വത്തിൽ പശുവിനെ വെടിവയ്ക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചു. മന്ത്രി സണ്ണി ജോസഫും വിഷയത്തിൽ ഇടപെട്ടു.
ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ജില്ലാ കളക്ടറുടെ ദയാവധ ഉത്തരവ് ലഭിച്ചത്. എന്നാൽ ഉത്തരവിൽ വെടിവയ്ക്കാനുള്ള നിർദേശമില്ലെന്നും ദയാവധം മാത്രമാണ് നിർദേശിച്ചിട്ടുള്ളതെന്നും വെറ്ററിനറി ഡോക്ടർ നിലപാടെടുത്തത് സ്ഥലത്ത് തർക്കത്തിനിടയാക്കി. ഇതിനിടെ വനംവകുപ്പിന്റെ സഹായത്തോടെ മയക്കുവെടിവച്ച് പശുവിനെ നിയന്ത്രിക്കാനുള്ള ശ്രമവും നടന്നു. പൊലിസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് സംഘങ്ങൾ നടപടികൾക്കായി തയാറെടുക്കുന്നതിനിടെ പശു കുഴഞ്ഞുവീണ് ചത്തു.
19 മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പശു ചത്തതോടെ അധികൃതരുടെ നടപടിക്രമങ്ങളിലെ കാലതാമസത്തിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചു. പശുവിന്റെ സംസ്കാരവും പോസ്റ്റ്മോർട്ടവും മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ നാട്ടുകാർ പ്രതിഷേധത്തിൽനിന്ന് പിൻവാങ്ങി. പിന്നീട് പൊലിസിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലിലാണ് തുടർനടപടികൾ പൂർത്തിയാക്കിയത്. ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് ചാകുന്ന രണ്ടാമത്തെ പശുവാണിത്.
നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ, വാർഡ് അംഗം ബി. അമൃത, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജി. ദിലീപ് , കെ.വി. സക്കീർ ഹുസൈൻ, മുൻ നഗരസഭാ ചെയർമാൻ പി.പി. അശോകൻ , ഡിസിസി സെക്രട്ടറി പി.കെ. ജനാർദനൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.