ജിതിനും ശ്രീധരനും പ്രഭാകരനും ചേർന്ന് തലച്ചങ്ങാട്ടെ പാട്ടഭൂമിയിൽ കൃഷിയിറക്കിയ കപ്പകൃഷി കാട്ടുപന്നി നശിപ്പിച്ചനിലയിൽ.
ഇരിട്ടി: ഉറക്കമൊഴിച്ച് കാവലിരുന്നിട്ടും രക്ഷയില്ല. വിളവെടുപ്പിന് പാകമായ കപ്പയും വാഴയും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്.
തില്ലങ്കേരി സ്വദേശി വി. ജിതിനും തലച്ചങ്ങാട് സ്വദേശികളായ ശ്രീധരൻ, പ്രഭാകരൻ എന്നിവരും ചേർന്ന് തലച്ചങ്ങാട്ടെ പാട്ടഭൂമിയിൽ കൃഷിയിറക്കിയ 600 ചുവട് കപ്പയിൽ പകുതിയോളം കാട്ടുപന്നികൾ നശിപ്പിച്ചു. 50ഓളം വാഴകളും നശിപ്പിച്ചിട്ടുണ്ട്.
വെള്ളിയോട് സ്വദേശികളായ പ്രേമൻ, ഉസ്മാൻ, മുണ്ടച്ചാൽ സ്വദേശി കുഞ്ഞിക്കിട്ടൻ, ജിതിൻ എന്നിവർ ചേർന്ന് മുണ്ടച്ചാലിൽ നടത്തിയ 3000 ചുവട് കപ്പക്കൃഷിയിൽ ആയിരത്തോളം ചുവടും 200ലധികം വാഴകളും കാട്ടുപന്നികൾ നശിപ്പിച്ചു. മാലൂർ പഞ്ചായത്തിലെ വെള്ളിലോട് ചാപ്പയിലും പ്രേമൻ, ഉസ്മാൻ എന്നിവർ ചേർന്ന് നടത്തിയ കപ്പകൃഷി ഏതാണ്ട് പൂർണമായും നശിപ്പിച്ചു. കാട്ടുപന്നികൾക്ക് പുറമേ മുള്ളൻപന്നി, മയിൽ, കുരങ്ങ്, വിവിധയിനം പക്ഷികൾ എന്നിവയുടെ ശല്യവും കർഷകർക്ക് ദുരിതമാകുകയാണ്.
രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കൃഷിയിടങ്ങൾക്ക് കാവൽ നിൽക്കുന്നുണ്ടെങ്കിലും ആളൊഴിയുന്ന തക്കംനോക്കി വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തി വിളകൾ നശിപ്പിക്കുകയാണ്. നഷ്ടം ഒഴിവാക്കാൻ വിളവെടുപ്പിന് പാകമാകും മുന്പുതന്നെ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നിയോഗിച്ചിട്ടുള്ള എംപാനൽ ഷൂട്ടർമാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നു. കൃഷിക്കായി വൻതുക ചെലവഴിച്ചിട്ടും കടക്കെണിയും നഷ്ടവും മാത്രം ബാക്കിയാകുന്നതോടെ കൃഷി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് കർഷകർ.
Tags : Wild boars nattuvishesham local news Wild boars run rampant in farmlands