പ്രതീകാത്മക ചിത്രം
തൃശൂർ: പരിമിതികൾക്കപ്പുറം സ്വപ്നങ്ങളിലേക്കു പറന്നുയരുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയുടെ കഥ പറയുന്ന കൂ... ഹ്രസ്വ ചിത്രം പ്രദർശനത്തിനൊരുങ്ങി.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സൗജന്യ തൊഴിൽ പരിശീലനകേന്ദ്രമായ തൃശൂർ അഡാപ്റ്റ് സൊസൈറ്റിക്കുവേണ്ടി എ.വി. സണ്ണിയാണു ചിത്രം നിർമിച്ചിരിക്കുന്നത്. അനിൽ പരയ്ക്കാട് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ലിജു മിത്രനാണു ഛായാഗ്രഹണം. ഗാനങ്ങൾക്കു റിച്ചാർഡ് കെ.ജോർജി രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഷെമി അനൂപ്, മനോവിസ്മയ്, പ്രണയ മനോഷ് എന്നിവരാണു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
പാട്ടുകളുടെ യുട്യൂബ് പ്രകാശനം ഗായിക കെ.എസ്. ചിത്രയും പോസ്റ്റർ പ്രകാശനം നടൻ സുനിൽ സുഖദയും നിർവഹിച്ചു. 24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മനോവിസ്മയ്, ഡോ. പാർവതി, അനുഷ ബാഹുലേയൻ എന്നിവരാണു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ ആദ്യ പ്രദർശനം അഡാപ്റ്റ് സൊസൈറ്റിയുടെ വാർഷികദിനമായ നാളെ രാവിലെ 10.30നു വെങ്ങിണിശേരിയിലെ അഡാപ്റ്റ് തിയറ്ററിൽ നടക്കും. മറ്റന്നാൾ വൈകീട്ട് 5.30 നു സൗജന്യ പൊതുപ്രദർശനം ഉണ്ടായിരിക്കും.
Tags : child story nattuvishesham local news story about a child who deserves special