പ്രതീകാത്മക ചിത്രം
വെള്ളറട : ഉന്നത ബന്ധങ്ങളും വ്യാജ വാഗ്ദാനങ്ങളും നൽകി കോടികളുടെ സാമ്പത്തിക - സ്വര്‍ണ തട്ടിപ്പുകള്‍ നടത്തിയ വന്‍ സംഘം വലയിലെന്നു സൂചന. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായ റെക്കീബ്, ഭാര്യ എ.ആര്. സുമയ്യ എന്ന ഷെറിന്, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു കണ്ടെത്തൽ.
നേമം വില്ലേജില്‍ പത്തുമുറി ലൈനില്‍ താമസിക്കുന്ന സുമയ്യ, ഭര്‍ത്താവിന്റെ സ്വാധീനം ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയില്‍ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി തട്ടിപ്പു നടത്തിയതിനെ തുടർന്നു ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട സുമയ്യ, പിന്നീട് നടരാജ ഫിനാന്‍സ്, സൂര്യ ഫിനാന്‍സ് എന്നിവിടങ്ങളിലെ ജീവനക്കാരനായ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു പുതിയ തട്ടിപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
2024-26 കാലയളവിൽ ഷെയർ മാർക്കറ്റിൽ വൻലാഭം വാഗ്ദാനം ചെയ്തും വിവിധ ആളുകളുടെ മതപരമായ പശ്ചാത്തലം മുതലാക്കി പേരുകൾ മാറ്റി സമീപിച്ചുമാണ് സംഘം കോടികൾ കവർന്നത്. വെള്ളറട സ്വദേശിയായ മുൻ സൈനികനിൽനിന്ന് 'ഷെറിൻ' എന്ന പേരിൽ സുമയ്യ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തുക തിരികെ ചോദിച്ചെത്തിയ ജോസ് എന്ന വ്യക്തിയെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്. പോലീസ് നടപടിയെ തുടർന്നു പൂട്ടിയ നടരാജ ഫിനാൻസിന്റെ ഉടമയും സൂര്യ ഫിനാൻസിലെ ജീവനക്കാരൻ ശ്രീജിത്തും ചേർന്നു കൊല്ലം സ്വദേശി സീനയുടെ 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസ് നെയ്യാറ്റിൻകര സ്റ്റേഷനിൽ നിലവിലുണ്ട്. കൂടാതെ വണ്ടി തട്ടിയെടുക്കൽ, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആര്യങ്കോട്, മാരായമുട്ടം പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെരുങ്കടവിള സ്വദേശിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ വ്യക്തിയിൽനിന്ന് പ്രണയം നടിച്ച് 453 ഗ്രാം സ്വർണം തട്ടിയെടുത്തതാണ് സംഘത്തിന്റെ മറ്റൊരു അതിക്രമം. സ്വർണം തിരികെ ചോദിച്ച ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും വ്യാജ പരാതി നൽകി ജോലിയിൽനിന്നു സസ്പെൻഷൻ ചെയ്യിപ്പിക്കുകയും ചെയ്തു.
Tags : Large gang NattuVishasham DistrictNews