സ്വകാര്യ ബസ് സ്റ്റാൻഡിലെ പുതിയ ഗതാഗത ക്രമീകരണങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ വിലയിരുത്തുന്നു.
കൂത്താട്ടുകുളം: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി കൂത്താട്ടുകുളം നഗരസഭ നടപ്പാക്കുന്ന പുതിയ ട്രാഫിക് പരിഷ്കരണത്തിന് തുടക്കമായി. പുതിയ ക്രമീകരണങ്ങൾ അവഗണിച്ച് സർവീസ് നടത്തിയ വാഹനങ്ങൾക്ക് ആദ്യഘട്ടമെന്ന നിലയിൽ താക്കീത് നൽകിയ അധികൃതർ വരും ദിവസങ്ങളിൽ നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴയടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
പരിഷ്കരണ നടപടികൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ പ്രതിനിധികളും നേരിട്ടെത്തി പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ലിസി ജോസ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ടി.എസ്. സാറ, പി.സി. ഭാസ്കരൻ, കൗൺസിലർ ഷീല ബിനോയ് എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.
പുതിയ ക്രമീകരണപ്രകാരം പാലാ, കോട്ടയം ഭാഗത്തുനിന്നെത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകളും സ്വകാര്യ ബസുകളും വില്ലേജ് ഓഫിസിന് മുൻവശത്തുള്ള ബസ് ബേയിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയിറക്കിയ ശേഷം ഗവ. ആശുപത്രി റോഡിലൂടെ അശ്വതി ജംഗ്ഷൻ വഴി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.
സമാനമായി എറണാകുളം, ഇടയാർ, വടകര ഭാഗത്തുനിന്നെത്തുന്ന ബസുകളും വില്ലേജ് ഓഫിസിന് മുന്നിലെ ബസ് ബേയിലെത്തി യാത്രക്കാരെ ഇറക്കി-കയറ്റിയ ശേഷം ആശുപത്രി റോഡ്, അശ്വതി ജംഗ്ഷൻ വഴി മാത്രമേ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് കടക്കാൻ പാടുള്ളൂ.
ഇതിനുപുറമെ ടൗണിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുഗമമായ സഞ്ചാരമൊരുക്കുന്നതിനുമായി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പിൻവശത്ത് നഗരസഭയുടെ നേതൃത്വത്തിൽ പേ ആൻഡ് പാർക്ക് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാപാരികളും യാത്രക്കാരും വാഹന ഉടമകളും പുതിയ ക്രമീകരണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.