കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്ത് സ്ഥാനാര്‍ഥികളെ ചൊല്ലി മൂന്നു മൂന്നണിയിലും കലഹം. സിറ്റിംഗ് എംഎല്‍എ സി.കെ. ആശ സ്ഥാനാര്‍ഥിയാകുന്നതില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് താത്പര്യമുണ്ടെങ്കിലും പ്രാദേശിക നേതൃത്വം അതിനെ പിന്തുണയ്ക്കുന്നില്ല. രണ്ടുവര്‍ഷ ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് ആശയെ സംസ്ഥാന കൗണ്‍സില്‍ പിന്തുണച്ചത്.
എന്നാല്‍, മണ്ഡലത്തില്‍ പുതിയൊരാള് സ്ഥാനാര്‍ഥിയായി എത്തണമെന്നാണ് പ്രവര്‍ത്തകരുടെയും ജില്ലാ നേതൃത്വത്തിന്റെയും വികാരം. ഇതിനിടയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തായാറായി നിന്ന മുന്‍ എംഎല്‍എ കൂടിയായ കെ. അജിത്ത് ബിജെപിയില്‍ ചേര്‍ന്നത് സിപിഐയെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. രണ്ടുതവണ മത്സരിച്ചവരുടെ പേര് പരിഗണിക്കേണ്ടെന്നു നിര്‍ദേശമുള്ളതിനാല്‍ സി.കെ. ആശയുടെ പേര് ഉള്‍പ്പെടുത്താതെ ലിസ്റ്റ് കൈമാറാനാണ് ശ്രമിച്ചതെങ്കിലും വൈക്കം മണ്ഡലം സെക്രട്ടേറിയറ്റിലെ അംഗങ്ങള്‍ ജയസാധ്യത പരിഗണിച്ച് ആശയെ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് പേരുള്പ്പെടുത്തുകയായിരുന്നു.
മണ്ഡലം കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറിയ പേരുകളില്‍ സി.കെ. ആശയെ പരിഗണിച്ചില്ലെങ്കില്‍ എഐവൈഎഫ് നേതാവ് പി. പ്രദീപിന്റെ പേരാണുള്ളത്.
യുഡിഎഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡമാണ് വൈക്കം. കഴിഞ്ഞ തവണ കെപിസിസി അംഗമായ പി.ആര്. സോനയായിരുന്നു. ഇത്തവണ ദളിത് ചിന്തകനായ സണ്ണി എം. കപിക്കാടിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, സണ്ണി വേണ്ടെന്നാണ് വൈക്കത്തെ കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സണ്ണി എം. കപിക്കാടിനെ സ്ഥാനാര്‍ഥിയാക്കാതെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ഥികളാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞദിവസം കോണ്‍ഗ്രസ് വൈക്കം തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികള്‍ പാസാക്കി രംഗത്ത് വന്നിരുന്നു.
എന്‍ഡിഎയില്‍ ബിഡിജെഎസ് മത്സരിച്ചിരുന്ന മണ്ഡലമാണിത്. സിഎസ്ഡിഎസ് വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ തങ്ങള്‍ക്ക് തന്നെ വേണമെന്ന് എന്‍ഡിഎ നേതൃത്വത്തെ ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ എംഎല്‍എയായ കെ. അജിത്ത് ബിജെപിയില്‍ ചേര്‍ന്നത് തന്നെ വൈക്കത്ത് സ്ഥാനാര്‍ഥിയാകാനാണ്.
വൈക്കത്തിനു പകരം മറ്റ് മണ്ഡലങ്ങള്‍ നല്‍കാമെന്ന് അജിത്തിനെ ബിജെപി അറിയിച്ചെങ്കിലും വഴങ്ങിയിട്ടില്ലെന്നാണ് വിവരം.