മലപ്പുറം: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിന് അവസാനിക്കും. ഒന്പതിന് രാവിലെ ഏഴ് മുതൽ മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുന്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിയമസഭ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്.
പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പോലീസ് അനുമതി പ്രകാരവും ആയിരിക്കണമെന്ന് കർശന നിർദേശമുണ്ട്. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്. പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം.
പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്സ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ച് മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കും.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗണ്സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റ് വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവയ്ക്ക് വിലക്കുണ്ട്. പരസ്യ പ്രചാരണം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണം.