കുമ്മങ്കോട് പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്.
നാദാപുരം: രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുമ്മങ്കോട്ടെ പുള്ളി പുലിയെ പിടികൂടാന്‍ കഴിയാതെ വനം വകുപ്പ്. പുലി കൂട്ടിലാവാത്തത് പ്രദേശവാസികളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കുറ്റ്യാടി ഫോറസ്റ്റർ പ്രശാന്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ദ്രുത കർമ്മ സേനയും വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ചെക്യാട് പഞ്ചായത്തിലെ തൈക്കണ്ടിയിൽ മുക്കിലും പുലിയിറങ്ങിയെന്ന പ്രചരണം ജനങ്ങളെയാകെ ഭീതിയിലാക്കി.പത്താംക്ലാസുകാരനാണ് സൈക്കിളിൽ പോകുന്നതിനിടയിൽ പുലിയെ കണ്ടതായി പറഞ്ഞത്.
ഇതിന് തൊട്ടു പിന്നാലെ നാദാപുരം രണ്ടാം വാർഡിൽ ഇയ്യങ്കോട് പുഴയോട് ചേർന്ന് വീട്ടിന് സമീപം പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ വ്യാജ പ്രചരണവും നടക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പുലിയിറങ്ങി എന്ന പ്രചാരണം ശക്തമായപ്പോൾ പുലിയുടെ വിവിധ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. എഐ നിർമിത ദൃശ്യങ്ങൾ കണ്ട് പലരും പേടിയോടെയാണ് കഴിയുന്നത്. ആളുകളെ ഭീതിയിലാഴ്ത്തുന്ന തരത്തിൽ നടത്തുന്ന
സോഷ്യൽ മീഡിയ വ്യാജ പ്രചരണത്തിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് നാദാപുരം ഡിവൈഎസ്പി പി.എം. മനോജ് പറഞ്ഞു.