തിരുവനന്തപുരം: വെള്ളനാട് അച്ഛനെ സ്റ്റീൽ പൈപ്പുകൊണ്ട് തലയ്ക്കടിച്ചും നെഞ്ചിൽ ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളനാട് കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ സജീവിനെയാണ് (38) തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽകുമാർ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. കൊച്ചപ്പിയുടെ മകൻ സദാശിവനാണ് (67) കൊല്ലപ്പെട്ടത്.
ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്, രണ്ടു കുട്ടികളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു വീട്ടിൽ താമസിപ്പിച്ചത് സദാശിവൻ ചോദ്യംചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2019 ഫെബ്രുവരി ഒന്പതിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
വീട്ടിൽവച്ച് അപകടകരമായ സ്റ്റീൽ പൈപ്പുകൊണ്ട് സദാശിവന്റെ തലയ്ക്കടിച്ച പ്രതി, തറയിൽ വീണ ഇയാളുടെ നെഞ്ചിൽ ക്രൂരമായി ചവിട്ടുകയും മർദിക്കുകമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോ സിക്യൂട്ടർ ഡി.ജി. റെക്സ് കോടതിയിൽ ഹാജരായി.
Tags :