ആഷ്നിക, അലീന, ജൂവൽ
നെയ്യാറ്റിന്‍കര : ലൂര്‍ദ്ദുപുരം സെന്റ് ഹെലന്‍സ് ഹൈസ്കൂളിലെ അക്ഷരക്കൂട്ടുകാരാണ് ആഷ്നികയും അലീനയും ജുവലും. വായനയെ നെഞ്ചേറ്റുന്ന മൂവരും എഴുത്തുകാരും കൂടിയാണ്.
കടലോര ഗ്രാമമായ പുതിയതുറയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന വിശേഷണത്തിനര്‍ഹയായ ആഷ്നിക കാര്‍മല്‍ രചിച്ച കഥാസമാഹാരമാണ് മുല്ലക്കുട്ടിയുടെ വിശേഷങ്ങള്‍. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് ആസ്വാദന കുറിപ്പുകള്‍ തയാറാക്കിയതിനുള്ള ഒന്നാം സമ്മാനം സ്കൂളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഗായികയും ചിത്രകാരിയും മികച്ച കയ്യക്ഷരത്തിന്റെ ഉടമയുമായ ആഷ്നിക സാഹിതിവാണി 1.14 ല്‍ റേഡിയോ ജോക്കിയുമാണ്.
ജെ.ബി അലീനയും ജുവല്‍ എസ്. ജോണും ഒരുമിച്ചാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. `റയാസ് പ്ലാന്റ് എന്ന ഇംഗ്ലീഷ് കൃതി ഇരുവരും കൂടി യാഥാര്‍ഥ്യമാക്കി. ചിത്രകാരി കൂടിയായ ജുവല്‍ ഒറ്റയ്ക്ക് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമാണ് `മിഷന് ബ്ലൂ ഫെതേഴ്സ് `എന്ന ഇംഗ്ലീഷ് കൃതി. ആഷ്നിക ആറിലും അലീന ഏഴിലും ജൂവല്‍ എട്ടിലും പഠിക്കുന്നു.
ദീപിക ഉള്‍പ്പെടെയുള്ള വര്‍ത്തമാന പത്രങ്ങളുടെ സാന്നിധ്യവും മികച്ച ലൈബ്രറിയും സെന്റ് ഹെലന്‍സിലെ വിദ്യാര്‍ഥികളുടെ വായനാശീലത്തിന് മുതല്‍ക്കൂട്ടാണ്.