ജീൻവാൽജിന്റെ കഥ
ഈ കഴിഞ്ഞമാസം ഞാൻ വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ' എന്ന പുസ്തകം വായിച്ചു. അതെന്നെ വളരെയധികം സ്വാധീനിച്ചു. കാരണം പത്തൊമ്പതാം നൂറ്റാണ്ടിലെ ദാരിദ്ര്യത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വിശക്കുന്ന കുടുംബത്തിനുവേണ്ടി ഭക്ഷണം മോഷ്ടിച്ചതിന് ജയിൽവാസം അനുഷ്ഠിച്ച ദരിദ്രനായ ജീൻവാൽജിന്റെ കഥയാണ്. ഫ്രഞ്ച് ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ഈ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് നാലപ്പാട്ട് നാരായണമേനോൻ ആണ്.
അത്ഭുതകരമായ യാത്ര
എന്റെ വായനാ ലോകത്തെ ഏറ്റവും പ്രചോദനാത്മകമായ പുസ്തകങ്ങളിലൊന്നാണ് എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥയായ 'വിങ്സ് ഓഫ് ഫയർ' . ഒരു സാധാരണ മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച ഒരാൾ, എങ്ങനെ ഇന്ത്യയുടെ മിസൈൽ മനുഷ്യനായും രാഷ്ട്രപതിയായും മാറി എന്ന അത്ഭുതകരമായ യാത്രയാണ് ഈ പുസ്തകം.
രാമേശ്വരത്തെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുമ്പോൾ, വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും വലിയ സ്വപ്നങ്ങൾ കാണാൻ അദ്ദേഹം എങ്ങനെ പഠിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ജീവിതത്തിൽ നേരിടേണ്ടി വന്ന പരാജയങ്ങളെയും തിരിച്ചടികളെയും അദ്ദേഹം കണ്ടത് തളരാനുള്ള കാരണങ്ങളായല്ല, മറിച്ച് മുന്നേറാനുള്ള പാഠങ്ങളായാണ്. "പരാജയം പരാജയമല്ല, അതൊരു തുടക്കം മാത്രമാണ്" എന്നദ്ദേഹം ഓർമിപ്പിക്കുന്നത് എന്റെ പഠനകാര്യങ്ങളിലും ജീവിതത്തിലും വലിയ ധൈര്യമാണ് പകരുന്നത്.
സയന്റിസ്റ്റാകാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും, ഈ പുസ്തകം നൽകുന്ന ഏറ്റവും വലിയ സന്ദേശം കഠിനാധ്വാനത്തിന്റെ യും അർപ്പണബോധത്തിന്റെയും പ്രാധാന്യമാണ്. അബ്ദുൾ കലാം സാറിനെപ്പോലെ വലിയ ലക്ഷ്യങ്ങൾ വെക്കാനും, അത് നേടിയെടുക്കാൻ അക്ഷീണം പരിശ്രമിക്കാനും ഈ വായന എനിക്ക് ഊർജ്ജം നൽകുന്നു. വെറുമൊരു പുസ്തകമല്ല ഇത്, മറിച്ച് സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന ഏതൊരു വിദ്യാർഥിയും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു വഴികാട്ടിയാണ്.
ഏവരും വായിച്ചിരിക്കേണ്ട കൃതി
മലയാളികളുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധികയാണ് ഞാൻ. അദ്ദേഹത്തിന്റെ നിരവധി കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മതിലുകൾ എന്ന നോവൽ വായിച്ചു. പ്രധാന കഥാപാത്രങ്ങളായ ബഷീറും നാരായണിയും എന്റെ മനം കവർന്നു.
എന്റെ മനസിലെ സാങ്കല്പിക ഘടനകൾ വാർത്തെടുത്ത ഒട്ടേറെ ആശയങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ബഷീറും നാരായണിയും തമ്മിലുള്ള ബന്ധം നേരിൽ കാണാതിരുന്നിട്ടും യഥാർഥ സ്നേഹം മനസുകളുടെ ഐക്യത്തിലൂടെയാണ് എന്ന സന്ദേശമാണ് നോവൽ നൽകുന്നത്.
ഒരു കൗമാരക്കാരി എന്ന നിലയിൽ ഞാൻ കടന്നുപോയ മേഖലകളിൽ വെളിച്ചം പകരുന്ന ആശയങ്ങൾ വളരെയധികം സ്വാധീനിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. രക്തബന്ധങ്ങളെ വെറും നിസാരമായി കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇരുവായ്്തല വാൾ പോലെ ഈ വരികൾ മൂർച്ഛിച്ചു നിൽക്കുന്നു.
ഏവരും വായിച്ചിരിക്കേണ്ട ഒരു കൃതിയായി എന്റെ പ്രിയപ്പെട്ട ’മതിലുകൾ’ മാറിയതും അതുകൊണ്ടു തന്നെയാണ്.
വായന എന്റെ മാന്ത്രിക വടിയാണ്
അടുത്തിടെ ഞാൻ ഹംസപട്ടാറ പുനരാഖ്യാനം ചെയ്ത വില്യം ഷേക്സ്പിയർ രചിച്ച 'ഒഥല്ലോ & മാക്ബെത് ' വായിച്ചു. ആ വായനാനുഭവം മറക്കാൻ പറ്റാത്ത ഒരോർമയായി എന്റെ മനസിൽ തങ്ങി നിൽക്കുന്നു. രണ്ട് വ്യത്യസ്ത കഥകൾ ആയിരുന്നു.
സത്യം പറഞ്ഞാൽ ഒഥല്ലോ വായിച്ചു ഞാൻ കരഞ്ഞുപോയി. അസൂയയുടെ കെണിയിൽ വീണ ഒരു വീരന്റെ കണ്ണീർ ഞാൻ കണ്ടു. മാക്ബെത് വായിച്ചു ഞാൻ വിറച്ചു. കിരീട മോഹം ഒരു മനുഷ്യനെ എങ്ങനെ രാക്ഷസനാക്കുന്നു എന്ന് ഞാൻ കണ്ടു. രണ്ടു കഥയും എന്നോട് ഒരു കാര്യം പറഞ്ഞു "മനസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കു, അസൂയയും അത്യാഗ്രഹവും വേണ്ട.
വായന എന്റെ മാജിക് വടിയാണ്. പുസ്തകം തുറന്നാൽ പതിമൂന്ന് വയസ്സുള്ള എനിക്ക് നാന്നൂറ് വർഷം പിന്നിലേക്കോ നാന്നൂറ് വർഷം മുന്നിലേക്കോ പോകാൻ സാധിക്കും.
ബ്ലാക്ക് ബ്യൂട്ടി- അന്ന സെവൽ
ഇംഗ്ലീഷ് എഴുത്തുകാരിയായ അന്ന സെവല്ലിന്റെ ലോക പ്രശസ്തമായ ’ബ്ലാക്ക് ബ്യൂട്ടി’ എന്ന നോവൽ എന്ന വളരെയധികം സ്പർശിച്ച ഒന്നാണ് ബ്ലാക്ക് ബ്യൂട്ടി എന്ന കറുത്ത നിറമുള്ള കുതിരയുടെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട ഹൃദയസ്പർശിയായ ഒരു നോവലാണ് ഇത് സ്നേഹ സന്പന്നമായ ചുറ്റുപാടിൽ നിന്നും ക്രൂരമായ മനുഷ്യരുടെ കൈകളിലേക്ക് അകപ്പെട്ടുപോകുന്ന കുതിരയുടെ നിസഹായമായ ജീവിതമാണ് ഈ കഥ.
കഠിനമായ പീഡനങ്ങളും ദുരിതങ്ങളും നേരിടുന്പോഴും സൗമ്യത കൈവിടാതിരുന്ന അവൻ, ഒടുവിൽ സമാധാനപൂർണ്ണമായ ഒരു താവളത്തിൽ എത്തിച്ചേരുന്നു സഹജീവികളോട് പുലർത്തേണ്ട കാരുണ്യത്തിന്റെ വലിയൊരു സന്ദേശമാണ് ഈ കൃതി നമുക്ക് നൽകുന്നത്.
മനുഷ്യമനസിന്റെ ആഴങ്ങളിലൂടെ...
ഞാൻ ഈ അവധികാലത്ത് വായിച്ച എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു പുസ്തകമാണ് എം.ടി വാസുദേവൻ നായരുടെ 'മഞ്ഞ് '. നോവലിലെ കേന്ദ്ര കഥാപാത്രമായ വിമല എന്ന സ്ത്രീ തന്റെ ജീവിതത്തിലുടനീളം മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷയാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്.
എം.ടി യുടെ മഞ്ഞ് വായിച്ചു തീർക്കുമ്പോൾ ഓരോ വായനക്കാരുടേയും ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നത് കേവലമൊരു കഥാന്ത്യമല്ല, മറിച്ച് ഒരിക്കലും വറ്റാത്ത പ്രതീക്ഷയുടെ ഒരു തണുത്ത വിങ്ങലാണ്. നൈനിറ്റാളിന്റെ പശ്ചാത്തലത്തിൽ വിമല എന്ന സ്ത്രീയുടെ ഉള്ളിലെ പ്രണയവും ഏകാന്തതയും വിരഹവുമെല്ലാം ഭാവതീവ്രതയോടു കൂടി എം.ടി ഇവിടെ ആവിഷ്കരിക്കുന്നു.
ഹിമാലയൻ താഴ്വരകളിൽ പെയ്യുന്ന കോടമഞ്ഞ് കേവലം ഒരു പ്രകൃതി ദൃശ്യമല്ല, ആർക്കും വേണ്ടിയല്ലാതെ, എപ്പോഴോ നഷ്ടപ്പെട്ടു പോയ ഏതോ ഒരു വസന്തത്തെ ഓർത്തു വിങ്ങുന്ന വിമലയുടെ ഉളളിലെ ശൂന്യതയാണ്. ഓരോ വരിയിലും മഞ്ഞിന്റെ നേർത്ത തണുപ്പില്ലെന്ന പോലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിസഹായതയും, ഒടുവിൽ "വരാതിരിക്കില്ല' എന്ന ഒരൊറ്റ വാക്കിൽ പ്രതീക്ഷയുടെ അവസത്തെ കനലും വായനക്കാരന്റെ ആത്മാവിനെ തൊട്ടുണർത്തുന്നു.
വരാൻ ആരുമില്ല എന്നറിഞ്ഞിട്ടും മനസ്സിനെ കബളിപ്പിച്ചു ജീവിക്കുന്ന ഓരോ മനുഷ്യരുടേയും കാത്തിരിപ്പുകളെ മുഴുവൻ അത്രമേൽ ആർദ്രമായും യാഥാർത്ഥ്യബോധത്തോടെയും അവാഹിച്ചെടുത്ത ഈ നോവൽ കേവലം ഒരു വായനയല്ല, ഒരിക്കലും മറക്കാൻ സാധിക്കാത്ത, മനസിൽ എന്നും പടരുന്ന ഒരു തീവ്രമായ കാവ്യാനുഭമാണ്. പ്രകൃതിയുടെ നിഗൂഢതയും മനുഷ്യമനസിന്റെ ആഴങ്ങളും ഇത്രമേൽ ഇഴച്ചേർന്നു നിൽക്കുന്ന മലയാളത്തിൽ ഉണ്ടോയെന്ന് സംശയമാണ്.
ജീവിത സങ്കീർണതകളുടെ മഹാലോകം
ഞാൻ ഈയിടെ വായിച്ച മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ വളരെ വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിച്ചത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാൻ ബെന്യാമിൻ സാറിന്റെ നോവലാണ് ഇത്. ദുരൂഹതയും മനുഷ്യ ജീവിതത്തിന്റെ സങ്കീർണതകളും ഒരു ചേർന്ന ഒരു മഹാലോകം ആണ് ഈ കൃതി. ഈ നോവലിന്റെ പ്രധാന പശ്ചാത്തലം ഡീഗോ ഗാർഷ്യ എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപാണ്. കൂടാതെ കേരളവും കഥയുടെ ഭാഗമാകുന്നു.
ദ്വീപിലെ ചരിത്രവും അവിടുത്തെ പ്രശസ്ത കുടുംബമായ അന്ത്രപ്പേർ എന്നതിന്റെ ചരിത്രവും സന്ദർഭങ്ങളുമാണ്. എന്നാൽ ഈ നോവലിലെ പ്രധാന കഥാപാത്രം ക്രിസ്റ്റി അന്ത്രപ്പേർ എന്ന യുവാവാണ്. തന്റെ ജീവിതത്തിൽ നേരിൽ കണ്ട ഒരു ദുരൂഹ സംഭവത്തെ അന്വേഷിക്കുകയും അങ്ങനെയെത്തുന്ന സംഭവ ബഹുലമായ സാഹചര്യങ്ങളും സന്ദർഭങ്ങളുമാണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നത്.
മനുഷ്യന്റെ ആഗ്രഹങ്ങൾ, ബന്ധങ്ങൾ, കുറ്റബോധം ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ എന്നിവയെ നോവൽ ആഴത്തിൽ അവതരിപ്പിക്കുന്നു.ഈ കൃതിയുടെ പ്രധാന ആകർഷണം അതിന്റെ അവതരണ ശൈലിയാണ്. സാധാരണ നോവലുകളിൽ നിന്ന് വ്യത്യസ്തമായി രഹസ്യവും അന്വേഷണ സ്വഭാവവും നിറഞ്ഞ കഥാഗതിയാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ അവസാനം വരെ വായനക്കാരന്റെ താത്പര്യം നിലനിർത്താൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്.
ഈ പുസ്തകം എനിക്ക് മികച്ചൊരു വയനാനുഭവം സമ്മാനിച്ചു. അതുകൊണ്ട്തന്നെ ദുരൂഹതയും ചിന്തയും നിറഞ്ഞ നല്ലൊരു മലയാള നോവൽ വായിക്കാൻ ആഗ്രഹിക്കുന്നവക്ക് ’മഞ്ഞവെയിൽ മരണങ്ങൾ’ ഞാൻ നിർദേശിക്കുന്നു.
ആരണ്യകിന്റെ വായനാ ലോകം : ആസ്റ്റെറിക്സ് മുതൽ പ്രാണികളുടെ ലോകം വരെ
വായനയെ ജീവിതത്തിന്റെ ഭാഗമാക്കിയ മാതൃകയാണ് വിതുര ചായം ഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആരണ്യക് ചാറ്റർജി. പ്രഫ. സൈകത് ചാറ്റർജിയുടെയും ബിദിഷ നന്ദിയുടെയും മകനായ ആരണ്യക് കൊൽക്കത്ത സ്വദേശിയാണ്.
ഒന്നാം ക്ലാസ് മുതൽ സ്കൂൾ പാഠപുസ്തകങ്ങളിലൂടെ മലയാളം പഠിച്ച ആരണ്യക്, ദിവസവും സ്കൂളിൽ വരുന്ന ദീപിക ദിനപത്രം നിത്യേന വായിച്ചാണ് വായനാശീലം വളർത്തിയത്. പുസ്തകങ്ങളോടുള്ള കമ്പം അവനെ പ്രാണികളുടെ അത്ഭുതലോകത്തേക്ക് എത്തിച്ചു.
പ്രാണികളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുക, അവയെ നിരീക്ഷിക്കുക, കളിമണ്ണിൽ ശിൽപങ്ങൾ ഉണ്ടാക്കുക എന്നിവയാണ് ആരണ്യകിന്റെ പ്രധാന ഹോബികൾ. പ്രാണിശാസ്ത്രജ്ഞനായ ജോർജ് സി മക്ഗാവിൻ ആണ് അവന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ.
റെനെ ഗോസിനിയുടെ ആസ്റ്റെറിക്സ്, ബിൽ വാട്ടർസന്റെ കാൽവിൻ ആൻഡ് ഹോബ്സ് എന്നിവയും അവന് ഏറെ പ്രിയപ്പെട്ടവയാണ്.
നേരത്തെ റിക് റിയോർഡന്റെ പെർസി ജാക്സൻ പരമ്പരയും റോൾഡ് ഡാളിന്റെ കഥകളും വായിച്ചാണ് അവൻ വായന തുടങ്ങിയത്. "ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ ലോകത്തെ അറിയാൻ ആരണ്യക് ശ്രമിക്കുന്നു" എന്ന് അധ്യാപകർ പറയുന്നു.