പന്നിയങ്കര ടോൾപ്ലാസ ഉപരോധിച്ച് പന്തലാംപാടം സംയുക്ത സമരസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും നടത്തിയ സമരം.
വടക്കഞ്ചേരി: വടക്കഞ്ചേരി -മണ്ണുത്തി ആറുവരി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കുള്ള സൗജന്യ പ്രവേശന വിഷയത്തിൽ ടോൾകമ്പനി സ്വീകരിക്കുന്ന നിക്ഷേധാത്മക നിലപാടുകൾക്കെതിരേ പന്തലാംപാടം സംയുക്ത സമരസമിതി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കി. ഇന്നലെ രാവിലെ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ടോൾപ്ലാസ ഉപരോധ സമരത്തിൽ പങ്കെടുത്തു. പ്രധാന നാല് ട്രാക്കുകളിൽ നാലുചക്ര ഓട്ടോറിക്ഷകൾ നിർത്തിയിട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞമാസം ഒന്നിന് പാലക്കാട് ജില്ലാ കളക്ടറും, എംപി, എംഎൽഎമാർ പഞ്ചായത്തു പ്രസിഡന്റുമാർ, ദേശീയപാത ഉദ്യോഗസ്ഥർ, ടോൾ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ഏഴര കിലോമീറ്റർ പരിധിക്കുള്ളിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി പന്നിയങ്കരയിൽ സൗജന്യ ടോൾപാസ് താമസം കൂടാതെ അനുവദിക്കുക, മാസപാസ് എടുപ്പിക്കാൻ സൗജന്യ പാസ് നടപടികൾ മെല്ലെപ്പോക്കിലാക്കുന്നത് ഒഴിവാക്കുക, നിലവിൽ സൗജന്യ ടോൾ പാസ് ലഭിച്ചിട്ടുള്ള വാഹന ഉടമകൾ മൂന്ന് മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഇല്ലാതാക്കുക. ആവശ്യമായ രേഖകൾ ഒറ്റതവണ സമർപ്പിച്ചാൽ മതിയെന്ന തീരുമാനം നടപ്പിലാക്കുക, നാലുചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യ പാസ് നൽകുക, ഹയർ സെക്കൻഡറി സ്കൂളും മുസ്ലീം, ക്രിസ്ത്യൻ പള്ളികളുമുള്ള പന്തലാംപാടം സ്കൂൾ സ്റ്റോപ്പിൽ മിനി അണ്ടർപാസ് നിർമിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ എടുത്തിരുന്നത്. ഈ ആവശ്യങ്ങളിലാണ് ടോൾസമരങ്ങളെന്നും നാട്ടിലെ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചുള്ള ടോൾ കമ്പനിയുടെ സമീപനം തിരുത്തുംവരെ സമരരംഗത്തുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. കളക്ടറും ജനപ്രതിനിധികളും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് ജനറൽ സെക്രട്ടറി സിജു ദാമോദരൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
പന്തലാംപാടം സംയുക്ത മരസമിതി കൺവീനർ ജോർസി ജോസഫ് അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ പി.ജെ.ജോസ് മാസ്റ്റർ, ജോസ് മാളിയേക്കൽ, സി.സി.സുരേന്ദ്രൻ, വി. ഗംഗാധരൻ നാലുചക്ര ഓട്ടോറിക്ഷ യൂണിയൻ കൺവീനർ ജി.ഇ. താജുദീൻ, കുതിരാൻ ജനകീയ കൂട്ടായ്മ കൺവീനർ സാംജി, ചെയർമാൻ രാഹുൽ വാണിയംപാറ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews