വടക്കഞ്ചേരി: കണച്ചിപ്പരുതയിലെ തോട്ടങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തീപിടിത്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ റൂബി എസ്റ്റേറ്റിൽ മാത്രം മൂന്നുവർഷം പ്രായമായ 600 ലേറെ റബർ തൈകൾ പൂർണമായും കത്തിനശിച്ചെന്ന് എസ്റ്റേറ്റ് മാനേജർ പി.സി. തോമസ് പറഞ്ഞു.
ഇതിലേറെ തൈമരങ്ങൾക്ക് ചൂടേറ്റിട്ടുണ്ട്. ഇവയുടെ നിലനിൽപ്പും പറയാനാകില്ല. ഇതേ പ്രായമായ 40 തെങ്ങിൻ തൈകൾ, ഒട്ടേറെ ഫലവൃക്ഷങ്ങൾ, പഴവർഗങ്ങൾ, വിളവെടുപ്പ് തുടങ്ങിയ ഏക്കർകണക്കിന് പ്രദേശത്തെ പൈനാപ്പിൾ കൃഷി എന്നിവയെല്ലാം നശിച്ചു. നന നടത്താനായി തോട്ടത്തിൽ ഇട്ടിരുന്ന ഹോസുകൾ, ബോർവെൽ പെപ്പുകളും നശിച്ചിട്ടുണ്ട്. മറ്റുതോട്ടങ്ങളിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇനി പുതിയ റബർതൈ വച്ചുപിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവ് വരുമെന്ന് തോമസ് പറഞ്ഞു.
തോട്ടത്തിൽ രണ്ട് ഘട്ടങ്ങളിലായി തൈ വളരുന്നത് ടാപ്പിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. എടയാടി എസ്റ്റേറ്റിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ തീ നിയന്ത്രിക്കാനായത് അർധരാത്രിയോടെയായിരുന്നു. പ്രദേശത്തെ നാട്ടുകാരും തോട്ടങ്ങളിലെ തൊഴിലാളികളും മണിക്കൂറുകളേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിച്ചത്. കാറ്റിൽ വൈദ്യുതികമ്പികൾ കൂട്ടിമുട്ടിയുണ്ടായ തീപ്പൊരി വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags : nattu visheshsam Losses in lakhs i