പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: ഓണത്തോടനുബന്ധിച്ച് സർക്കാർ സംവിധാനത്തിൽ നടത്തുന്ന ഓണം വിപണി പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നു. ഓണവിപണിയിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്. ഓരോ കുടുംബങ്ങളും ആവശ്യസാധനങ്ങൾ ഓണം വിപണി വഴി വാങ്ങിയതിനെത്തുടർന്ന് സ്വകാര്യ പൊതുമാർക്കറ്റുകളിലും വില വർധന അനുഭവപ്പെട്ടിട്ടില്ല. ചില സഹകരണ പണമിടപാട് സ്ഥാപനങ്ങൾക്കു കീഴിൽ നടത്തുന്ന ഓണം വിപണികളിൽ
ജയ, കുറുവ തുടങ്ങിയ മുന്തിയ ഇനം അരികൾക്ക് കിലോ 33 രൂപ നിരക്കാണ് ഈടാക്കുന്നത്. ഒറിജിനൽ വെളിച്ചെണ്ണ ലിറ്ററിന് 250 രൂപയും ഉണക്ക മുളക്, മല്ലി എന്നിവക്കും 30 ശതമാനവും വിലക്കുറവുണ്ട്. ഉഴുന്നുപരിപ്പ്, ചെറുപയർ, വൻപയർ തുടങ്ങിയവ താങ്ങാവുന്ന വിലയ്ക്കാണ് വിൽപന. സപ്ലൈകോയുടെ മാവേലി സ്റ്റോർ വഴി വിതരണം നടത്തുന്ന നിത്യോപയോഗ സാധനങ്ങളും ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.
കൃഷിഭവനുകൾക്കു കീഴിൽ നടത്തിവരുന്ന നാടൻ പച്ചക്കറികളും കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്. നാടൻ വെള്ളരിക്ക കിലോ 20, മുരിങ്ങക്ക - 30, കറി നാരങ്ങ ഒരു കിലോ - 30 ചേന-കിലോ 35- നേന്ത്രക്ക 50, നേന്ത്രപ്പഴം 50, തക്കാളി - 16 എന്നിങ്ങനെയാണ് വില.
എന്നാൽ സവാള, ചെറിയ ഉള്ളി എന്നിവയ്ക്ക് പൊതുമാർക്കറ്റുകളെ അപേക്ഷിച്ച് കാര്യമായ വില മാറ്റമില്ല. അതത് പ്രദേശങ്ങളിലെ കുടുംബശ്രീയുടെ കീഴിൽ നടത്തുന്ന ഓണം വിപണനമേളകളിലും ജനസാന്നിധ്യം വർധിച്ചുവരുന്നു. കുടുംബശ്രീയുടെ കീഴിൽ തയാറാക്കുന്ന വിവിധ തരം അച്ചാറുകൾ, നാടൻ പലഹാരങ്ങൾ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഏലക്ക, സാന്പാർ കൂട്ടുകൾ തുടങ്ങി നാടൻ തനിമയിൽ തയാറാക്കുന്ന ഒട്ടനേകം ആവശ്യ സാധനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ഉത്രാടത്തിനു മുന്പേ തന്നെ അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിനുള്ള തിരക്കിലാണ് വീട്ടമ്മമാർ. അതേസമയം പൊതുമാർക്കറ്റിൽ ചിലയിടങ്ങളിൽ പച്ചക്കറികളും മറ്റും ഓണവിപണിയെ അപേക്ഷിച്ച് കുറഞ്ഞ വിലകയ്്ക് വിൽപന നടത്തി ജനങ്ങളെ അങ്ങോട്ട് ആകർഷിപ്പിക്കാനുള്ള കച്ചവട തന്ത്രങ്ങളും പരീക്ഷിക്കുന്നുണ്ട്.
ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് വിവിധതരത്തിലുള്ള ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത വസ്തുക്കളുടെ വിപണന കേന്ദ്രങ്ങൾവരെ സമ്മാനങ്ങളും ഓഫറുകളും വിളംബരം ചെയ്തിരിക്കുകയാണ്. കടകൾ അലങ്കരിച്ചും തോരണങ്ങൾ തൂക്കിയും മാവേലിയുടെ ചിത്രങ്ങൾ പതിച്ചും ഓണാശംസകൾ ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിച്ചും കച്ചവട തന്ത്രങ്ങൾ പൊടിപൊടിക്കുന്നു. വസ്ത്രശാലകളാണ് ആഘോഷത്തെ വരവേൽക്കാനുള്ള തന്ത്രങ്ങളിൽ മുന്പന്തിയിൽ.
ഇലക്ട്രോണിക്, മൊബൈൽ ഷോപ്പുകൾ വാഹന വിൽപ്പന കടകൾ, ഫർണിച്ചർ കടകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെല്ലാം ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുകയാണ്. എന്നാൽ ഇടക്കിടെ പെയ്യുന്ന മഴ വ്യാപാര കേന്ദ്രങ്ങൾക്കും ജനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Tags : Onam market NattuVishasham DistrictNews