ജില്ലയിലും പ്രതിഷേധം നടത്തും: സി.പി. മാത്യു
തൊടുപുഴ: നീറ്റ് പരീക്ഷ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോടികള്‍ വാങ്ങി ചോദ്യപേപ്പറുകള്‍ മുന്‍കൂട്ടി വില്‍ക്കുന്ന മാഫിയകള്‍ രാജ്യത്ത് സജീവമാണ്. ഇതുമൂലം കഷ്ടപ്പെട്ട് പഠിക്കുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളാണ് തകരുന്നത്.
പരീക്ഷയെഴുതി ഫലം കാത്തിരിക്കുമ്പോഴാണ് ഇടിത്തീപോലെ ക്രമക്കേട് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. നീറ്റിനു പുറമേ സിബിഎസ്ഇ, യുപിഎസ്ഇ, എന്‍ടിഎ പരീക്ഷകളില്‍ വ്യാപകമായ ക്രമക്കേടുകളാണ് സമീപകാലത്ത് അരങ്ങേറുന്നത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കുക, വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ് ഒഴിവാക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഹുൽ ഗാന്ധി കോട്ടയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രതിധ്വനി സംഗമം ജൂലൈ പത്തിന് അലഹബാദ്, 11ന് പാട്ന, 14ന് ഡല്‍ഹി എന്നിവിടങ്ങളില്നടക്കും.
രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡിസിസി സെക്രട്ടറി എം.ഡി. അര്ജുനന്, ചാര്‍ളി ആന്റണി എന്നിവരും പങ്കെടുത്തു.
Tags : nattu vishesham Malpractices NEET exam