മണര്‍കാട് പള്ളിയിൽ തിരികത്തിച്ച് പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍.
മണർകാട്: ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുക എന്നതാണ് പരിശുദ്ധ ദൈവമാതാവ് വിശ്വാസീസമൂഹത്തിനു നൽകുന്ന ഏറ്റവും വലിയ മാതൃകയെന്ന് തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെരണ്ടാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവമാതാവിന്റെ മധ്യസ്ഥത തേടുന്നതിനൊപ്പം അമ്മ നൽകിയ ആഹ്വാനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിശ്വാസികൾ തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. റവ.ഡോ. കൗമാ റമ്പാൻ, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ എന്നിവർ വചനസന്ദേശവും ഫാ. മാത്യൂസ് ചാലപ്പുറം ധ്യാനശുശ്രൂഷയും നടത്തി.
എട്ടുനോമ്പിനോട് അനുബന്ധിച്ച് കത്തീഡ്രലിന്റെ ചെറിയ പാരിഷ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന നേർച്ച കഞ്ഞിയിൽ പങ്കുചേരാൻ വിശ്വാസികളുടെ തിരക്ക്. ഏഴാം തീയതി അർധരാത്രി വരെയാണ് നേർച്ചക്കഞ്ഞി വിതരണം. പ്രതിദിനം അഞ്ച് ടണ്ണിനു മുകളിൽ അരിയുടെ കഞ്ഞിയാണ് വിതരണം ചെയ്യുന്നതെന്നും അനുഗ്രഹ സാക്ഷ്യമായി വിശ്വാസികളാണ് അരി നൽകുന്നതെന്നും കത്തീഡ്രൽ ഭാരവാഹികൾ പറഞ്ഞു.
മണർകാട് കത്തീഡ്രലിൽ ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന - മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം - റവ. ബേസിൽ റമ്പാൻ. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം - ഫാ. തോമസ് മാളിയേക്കൽ. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് ധ്യാനം - എംഎസ്ഒടി സെമിനാരി ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ.
Tags : Nattuvishesham Districtnews Deepikanews Manarkad Feast