കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നല്‍കാനുള്ള പ്രഖ്യാപനത്തെ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സ്വാഗതം ചെയ്തിതെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെയും മതിയായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയും ഈ സേവനം ആരംഭിച്ചതില്‍ സംഘടനയ്ക്ക് ആശങ്കയുണ്ടെന്നു കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാറും സെക്രട്ടറി ഡോ. അജി അയിരൂര്‍ തോമസും അറിയിച്ചു.
ആരോഗ്യമന്ത്രിയുമായി കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയില്‍, രാത്രി എട്ടുവരെ സ്റ്റേ ഡ്യൂട്ടി നല്‍കുന്നതിന് ഓരോ സ്പെഷ്യാലിറ്റിയിലും ഒമ്പതു ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് തീരുമാനിച്ചിരുന്നു. കൂടാതെ ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കുന്ന മറ്റു ആശുപത്രികളില്‍ സേവനം തടസപ്പെടാതിരിക്കാന്‍ പകരം ഡോക്ടര്‍മാരെ നല്‍കുമെന്നും ഉറപ്പുനല്‍കിയിരുന്നു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രണ്ടു സര്ജന്മാര്, രണ്ടു പീഡിയാട്രീഷന്മാര്, രണ്ടു ഗൈനക്കോളജിസ്റ്റുകള്‍, രണ്ടു അനസ്തെറ്റിസ്റ്റുകള്‍, മൂന്ന് ഓര്‍ത്തോപീഡിക് ഡോക്ടര്‍മാര്‍, നാലു ജനറല്‍ മെഡിസിന് എന്നീ ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭ്യമായിരുന്നത്. കൂടാതെ ഒരു പീഡിയാട്രീഷന്‍, ഒരു ഗൈനക്കോളജിസ്റ്റ്, രണ്ട് അനസ്തെറ്റിസ്റ്റുകള്‍, ഒരു ഓര്‍ത്തോപീഡിക് ഡോക്ടര്‍, രണ്ട് ജനറല്‍ മെഡിസിന് ഡോക്ടര്‍മാര്‍ എന്നീ ഡോക്ടര്‍മാരെ പുനര്‍വിന്യാസത്തിലൂടെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സ്പെഷ്യാലിറ്റി സംവിധാനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് ഒരു രീതിയിലും പര്യാപ്തമല്ല.
കൂടാതെ, കുണ്ടറ താലൂക്ക് ആശുപത്രി, നെടുങ്ങോലം താലൂക്ക് ആശുപത്രി അഞ്ചല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ചപ്പോള്‍ അവിടെ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍, രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ എല്ലാ സ്പെഷ്യാലിറ്റികളിലും ആവശ്യമായ മാനവവിഭവശേഷി ഉറപ്പുവരുത്തണമെന്നും അതുവരെ രാത്രി എട്ടുവരെ സ്പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിനുള്ള തീരുമാനം നിര്‍ത്തിവക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Deepikanews Specialty Services