ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചപ്പോൾ
കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപത്തുള്ള മഞ്ഞംപൊതിക്കുന്നിൽ നിർമാണം നടക്കുന്ന വിനോദസഞ്ചാരകേന്ദ്രം നവംബറിൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായുള്ള ആംഫി തീയേറ്റർ, റസ്റ്ററന്റ്, കഫെറ്റീരിയ, പാർക്കിംഗ്, വെളിച്ച സംവിധാനം, ശുചിമുറികൾ എന്നിവ ഉടൻ പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച കളക്ടർ അറിയിച്ചു.
3.60 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് പദ്ധതി പ്രദേശത്ത് നടക്കുന്നത്. തുടർവികസനത്തിനായി സമീപത്തുള്ള 50 സെന്റ് റവന്യൂ ഭൂമി വിട്ടുനൽകുന്നതിനുള്ള പദ്ധതിനിർദേശം സമർപ്പിക്കാനും ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കാനും ഡിടിപിസി സെക്രട്ടറിക്ക് കളക്ടർ നിർദേശം നൽകി.
സമീപത്തുള്ള ചെറിയ ഗുഹയെ കേവ് കഫ്റ്റേരിയയായി വികസിപ്പിക്കാനും കളക്ടർ നിർദേശം നൽകി. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, ജില്ലാ പഞ്ചായത്തംഗം കെ. സബീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.നസീബ്, ഡിടിപിസി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Manjampothikkunnu