പിറവത്ത് പാഴൂർ ആറ്റുതീരം പാർക്ക് വെള്ളം കയറിയ നിലയിൽ.
പിറവം: ആശങ്കയുയർത്തി പിറവത്ത് പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയുടെ തീരത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ ഒട്ടനവധി കൃഷിയിടങ്ങളും വെള്ളത്തിലാണ്. ചില റോഡുകളും വെള്ളത്തിനടിയിലാണ്.
കക്കാട്, കളമ്പൂർ എന്നിവിടങ്ങളിലെ മത്സ്യകോളനികളിലെ വീടുകളിൽ ഭൂരിഭാഗവും വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി കളമ്പൂരിൽ വീട്ടുമുറ്റത്ത് വെള്ളം കയറിയതിനെത്തുടർന്ന് കിടപ്പു രോഗിയായ വയോധികയേയും, മകളേയും നഗരസഭയുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചിരുന്നു. പാഴൂർ ആറ്റുതീരം പാർക്ക് വെള്ളത്തിൽ മുങ്ങി. പുഴയുടെ തീരത്തുള്ള കളമ്പൂർ മത്സ്യ കോളനിയിലും പിറവം പാലത്തിന് സമീപം ഐഎൻടിയുസി കടവിൽ ഏതാനും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് ഉയരുകയാണങ്കിൽ ഇവിടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. കക്കാട് എൽപി സ്കൂളിലും, കളമ്പൂർ എൽപി സ്കൂളിലും ക്യാമ്പ് തുറക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ, ആരോഗ്യകാര്യ സമിതി അധ്യക്ഷൻ ജെയ്സൺ പുളിക്കൽ എന്നിവർ പറഞ്ഞു.
ഉഴവൂർ തോട് കരകവിഞ്ഞ് ഒഴുകുന്നതിനെത്തുടർന്ന് ഓണക്കൂർ, കക്കാട് മേഖലകളിൽ പച്ചക്കറി കൃഷികളെല്ലാം വെള്ളത്തിലായി. മരച്ചീനിയും, പാവലും, പടവലും, വാഴയും, പൈനാപ്പിളും അടക്കം കൃഷിയെല്ലാം വെള്ളത്തിൽ മുങ്ങി. മണീട് പെരുമ്പായിൽപ്പടി - ഏഴക്കരനാട് റോഡിൽ വെട്ടിത്തറയിൽ റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോട്ടയം റോഡിൽ മുളക്കുളം ഭാഗത്ത് റോഡിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. രാമമംഗലം - പിറവം റോഡിൽ കിഴുമുറി പാടത്തു താഴത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഇതു വഴി വാഹനങ്ങൾ സഞ്ചരിക്കുന്നില്ല.