മാര് തോമസ് ആനിമൂട്ടിലിനെ കടുത്തുരുത്തി വലിയപള്ളിയിലേക്ക് സ്വീകരിക്കുന്നു.
കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ കടുത്തുരുത്തി വലിയപള്ളി മുന് വികാരി മാര് തോമസ് ആനിമൂട്ടിലിന് സ്വീകരണം നല്കി.
എ ഡി 345ല് ദക്ഷിണ മെസപ്പെട്ടോമിയയില്നിന്നു കേരളത്തിലേക്കുള്ള കപ്പല് യാത്രയില് കൊടുങ്ങല്ലൂരിൽ എത്തുന്നതിനുമുമ്പ് മരിച്ചുപോയവരെ അനുസ്മരിച്ച് നൂറ്റാണ്ടുകളായി ക്നാനായ സമൂഹം പ്രാര്ഥിക്കുന്ന കടവിലെ കുരിശടിയിങ്കല്ചെന്ന് പൂര്വികരുടെ അനുഗ്രഹങ്ങള് യാചിച്ചുകൊണ്ടാണ് ബിഷപ് സന്ദര്ശനം ആരംഭിച്ചത്.
പൂര്വിക സ്മരണകള്ക്കു മുന്നില് പ്രാര്ഥിച്ച ശേഷം പ്രദക്ഷിണമായി വലിയ പള്ളിയിലെത്തി ബിഷപ് വിശുദ്ധ കുര്ബാനയര്പ്പിച്ചു. തുടര്ന്ന് പാരിഷ് ഹാളില് നടന്ന പൊതുസമ്മേളനത്തില് ബിഷപ്പിന് സ്വീകരണം നല്കി.
മലബാറിന്റെ മണ്ണില്നിന്നുള്ള തന്നെ മലബാറിന്റെ അജപാലന ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തതില് അഭിമാനിക്കുന്നതായും വീടുകളില് ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന വയോധികരുടെ ക്ഷേമത്തിനായുള്ള കര്മപരിപാടികള്ക്ക് മുന്ഗണന നല്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില് വ്യാപിച്ചുകിടക്കുന്ന സമുദായാംഗങ്ങളെ ഒരുമിപ്പിക്കുകയെന്നത് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ബിഷപ് പറഞ്ഞു.
വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല് അധ്യക്ഷത വഹിച്ച യോഗത്തില് മന്ത്രി മോന്സ് ജോസഫ്, താഴത്തുപള്ളി സഹവികാരി ഫാ. ഏബ്രഹാം പെരിയപ്പുറം, പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്ജ്, പാരീഷ് കൗണ്സില് സെക്രട്ടറി മാത്യു ഫിലിപ്പ് പാലകന്, കെസിവൈഎല് പ്രതിനിധി എല്സ ബെന്നി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്ജ്, ബ്ലോക്ക് പഞ്ചായത്തംഗം ലൈസാമ്മ തോമസ്, പഞ്ചായത്തംഗം ജിന്സി എലിസബത്ത് തുടങ്ങിയവര് പ്രസംഗിച്ചു. വിവിധ സംഘടനാ ഭാരവാഹികള് ബിഷപ്പിനെ ആദരിച്ചു.
Tags : reception NattuVishasham DistrictNews