ആർച്ച്ബിഷപ് മാര് തോമസ് തറയില് ദുരിതാശ്വാസ ക്യാമ്പ് സന്ദര്ശിച്ച് വയോധികയോട് ക്ഷേമാന്വേഷണം നടത്തുന്നു.
ചങ്ങനാശേരി: ദുരിതാശ്വാസ കേന്ദ്രങ്ങളില് ആശ്വാസംപകര്ന്ന് ആര്ച്ച്ബിഷപ് മാര് തോമസ് തറയില്. കുറിച്ചി ഗവ. ഗേള്സ് എല്പി, ചങ്ങനാശേരി സെന്റ് മേരീസ് എല്പി, ളായിക്കാട് സെന്റ് ജോസഫ്സ് എല്പി സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ആര്ച്ച്ബിഷപ് സന്ദര്ശനം നടത്തിയത്. പുതപ്പ്, സോപ്പ് തുടങ്ങിയ സാധന സമഗ്രികള് ആര്ച്ച്ബിഷപ് വിവിധ ക്യാമ്പുകളില് കഴിയുന്ന ആളുകള്ക്ക് നല്കി. വികാരിജനറാള്മാരായ മോണ്. മാത്യു ചങ്ങങ്കരി, മോണ്. സ്കറിയ കന്യാകോണില്, പ്രൊക്യുറേറ്റര് ഫാ. ജയിംസ് മാളിയേക്കല്, ചാസ് ഡയറക്ടര് ഫാ. ജോര്ജ് പനക്കേഴം, വിനു ജോബ് എംഎല്എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നദികളിലെയും തോടുകളിലെയും മണലും മാലിന്യങ്ങളും നീക്കി സംഭരണശേഷിയും നീരൊഴുക്കിനുണ്ടായിരിക്കുന്ന തടസവും മാറ്റാന് സര്ക്കാര് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിത പ്രളയത്തില് നിരവധി ആളുകള് ദുരിതം നേരിടുകയാണ്. വിഷയത്തില് സര്ക്കാര് ഗൗരവമായി ഇടപെടുന്നുവെന്നത് ശ്ലാഘനീയമാണ്. ദുരിതബാധിത മേഖലകളില് പ്രവര്ത്തിക്കുന്ന ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്, സന്നദ്ധസംഘടനകള് എന്നിവരുടെ സേവനം മഹത്തരമാണെന്നും ദുരന്തങ്ങളെ കൂട്ടായും ഏകമനസോടും നേരിടണമെന്നും ആര്ച്ച്ബിഷപ് പറഞ്ഞു.
Tags : Nattuvishesham Local News Mar Thomas Tarayil victims