പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ പത്തനംതിട്ടയില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ അഞ്ചിനു മാര്‍ച്ച് നടത്തുമെന്ന് ജില്ലാ നേതാക്കള്‍ അറിയിച്ചു.
രാവിലെ 10ന് എസ്പി ഓഫിസ് ജംഗ്ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. താഴെവെട്ടിപ്രത്തുള്ള ജോയിന്റ് രജിസ്ട്രാർ ഓഫിസിലേക്കാണ് മാര്‍ച്ച്. അന്വേഷണമോ വിശദീകരണമോ പോലുമില്ലാതെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ഭരണകൂട ഭീകരതയാണന്ന് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോള്‍ നിയമനങ്ങളിലടക്കം വമ്പിച്ച അഴിമതിക്ക് പേര് കേട്ട ബാങ്കാണിത്. നിലവില്‍ ബാങ്ക് രണ്ടുകോടി രൂപ ലാഭത്തിലാണ്. കഴിഞ്ഞ അഞ്ചുകൊല്ലം ബാങ്കിനെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നേതൃത്വം നടത്തിയത്.
അഴിമതിയും വഴിവിട്ട നടപടികളും ബാങ്കിനെ തകര്‍ത്ത ഘട്ടത്തിലാണ് എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നത്.
വസ്തുവിന്റെ മൂല്യം കൂട്ടിക്കാണിച്ച് നല്കിയ വന്‍തുകയുടെ വായ്പകള്‍ കിട്ടാക്കടമായി കിടക്കുകയാണ്. ആ കാലത്തെ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിനായി ഒരു വ്യാജ റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു. യുഡിഎഫ് നേതാക്കന്മാരുടെ വ്യാജ ആരോപണം എഴുതി വാങ്ങിയാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞ 16ന് മൂന്നിന് ബാങ്കില്‍ എത്തുകയും രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തില്‍പ്പെട്ട രേഖകള്‍ ഒഴികെയുള്ളവ തയാറാക്കി വച്ചിരുന്നു.
എന്നാല്‍ അഞ്ചോടെ ഈ ഉദ്യോഗസ്ഥന് വീട്ടിലേക്ക് പോകുകയും തൊട്ടടുത്ത ദിവസം രാവിലെയെത്തി രേഖകള്‍ കൈപ്പറ്റിക്കൊള്ളാമെന്ന് പറയുകയും ചെയ്തു. എന്നാല്‍, പിന്നീട് ഉദ്യോഗസ്ഥന് എത്തുകയോ രേഖകള്‍ കൈപ്പറ്റുകയോ ചെയ്തിരുന്നില്ല. പകരം ബാങ്ക് രേഖകള്‍ നല്‍കിയില്ല എന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഭരണസമിതിയെയും മാനേജിംഗ് ഡയറക്ടറെയും പിരിച്ചു വിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, സജി അലക്സ്, അരുണ്‍ മണ്ണടി, ചെറിയാന് ജോര്‍ജ് തമ്പു, ബി. ഷാഹുല്‍ ഹമീദ്, സുമേഷ് ഐശ്വര്യ, സുരേഷ് മാതൂര്‍, നിസാര്‍ നൂര്‍മഹല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.