ഇടുക്കി: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ജനജാഗ്രതാ സമിതി, റാപ്പിഡ് റെസ്പോണ്‍സ് ടീം, പ്രൈമറി റെസ്പോണ്‍സ് ടീം എന്നിവയുടെയും പ്രവര്‍ത്തനം ശക്തമാക്കും. സംഘര്‍ഷസാധ്യത കൂടിയ മേഖലകളില്‍ പ്രദേശവാസികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ട്രഞ്ച് നിര്‍മാണം പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ശക്തമാക്കും. വനമേഖലകളിലെ അനധികൃത വേലികളും കൈയേറ്റങ്ങളും ഒഴിപ്പിക്കും. അടിയന്തര ഘട്ടത്തില്‍ വിനിയോഗിക്കുന്നതിനായി എമര്‍ജന്‍സി ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ദേവികുളം ആസ്ഥാനമായുള്ള പ്രധാന ആര്‍ആര്‍ടിക്ക് പുറമേ ചിന്നക്കനാല്‍ ആസ്ഥാനമാക്കി മറ്റൊരു ആര്‍ആര്‍ടി കൂടി വേണമെന്ന് വനംവകുപ്പ് നിർദേശിച്ചു. 64 ആര്ആര്ടികളിലായി 649 പേരാണ് മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ, അറക്കുളം മേഖലയിലും ആര്‍ആര്‍ടിയുടെ സേവനം ലഭ്യമാക്കണം. ഇടുക്കി പാക്കേജിൽ ഉൾപ്പെട്ട ഫെന്‍സിംഗ് നിർമാണത്തിന് കരാറുകാരെ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തിൽ അറിയിച്ചു.
കാട് മൂടിക്കിടക്കുന്ന എസ്റ്റേറ്റുകള്‍ വെട്ടിത്തെളിക്കുന്നതിന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഉപ്പുതറയില്‍ ഫെന്‍സിംഗ് ചിലര്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വന്യജീവി സംഘര്‍ഷ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.