ഡോ. ഇ.എന്‍. ശിവദാസന്‍
കോട്ടയം: മികച്ച സര്‍വകലാശാലയ്ക്കുള്ള 2023-24 വര്‍ഷത്തെ സംസ്ഥാന എന്‍എസ്എസ് അവാര്‍ഡ് നേടി എംജി സര്‍വകലാശാല. എംജി സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്റെ നേതൃത്വത്തിലാണ് സര്‍വകലാശാല നേട്ടം സ്വന്തമാക്കിയത്. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള പാലാ അല്‍ഫോന്‍സ കോളജിലെ സിമിമോള്‍ സെബാസ്റ്റ്യന്‍ മികച്ച പ്രോഗ്രാം കോ ഓര്ഡിനേറ്ററിനുള്ള അവാര്‍ഡും അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജിലെ കാതറിന് പോള്‍ മികച്ച വോളന്റിയര്‍ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി.
183 കോളജുകളിലായി 282 എന്‍എസ്എസ് യൂണിറ്റുകളും 28,200 വോളന്റിയര്‍മാരും എംജി സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ 329 ഭവനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 346 കുടിവെള്ള സ്രോതസുകളും അന്‍പത്തി മൂന്നോളം ജൈവ വൈവിധ്യ പാര്‍ക്കുകളും സംരക്ഷിച്ചു വരുന്നു. ആലത്തൂര്‍ എസ്എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലായ ഡോ. ഇ.എന്‍. ശിവദാസന്‍ എംജി സര്‍വകലാശാല സെന്റ് തോമസ് കോളജ് കോഴഞ്ചേരി, എസ്എന്‍ കോളജ് ചേര്‍ത്തല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.