കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡ് മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ യുവധാന വായനശാലയുടെ ബോർഡ് സ്ഥാപിച്ച നിലയിൽ.
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡ് മലയാംപടി വയോജന വിശ്രമകേന്ദ്രത്തിന്റെ കെട്ടിടത്തിൽ അനധികൃതമായി ക്ലബും വായനശാലയും പ്രവർത്തിപ്പിക്കാൻ നീക്കം. യുവധാന എന്ന പേരിലുള്ള ക്ലബും വായനശാലയും വയോജന വിശ്രമ കേന്ദ്രത്തിൽ അനധികൃതമായി പ്രവർത്തിപ്പിക്കാനാണ് നീക്കം നടന്നത്. വയോജന വിശ്രമ കേന്ദ്രത്തിനു മുന്നിൽ ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ വായനശാലയുടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വായനശാലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, മറ്റു സാമഗ്രികൾ എന്നിവ കെട്ടിടത്തിലെത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്. വയോജന വിശ്രമ കേന്ദ്രത്തിന് വായനശാല അസൗകര്യം സൃഷ്ടിക്കുന്നെന്ന കെയർ ടേക്കറുടെ പരാതിയെ തുടർന്ന് വായനശാല സാമഗ്രികൾ നീക്കം ചെയ്യണമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വായനശാല അധികൃതരോട് ഔദ്യോഗികമായി നിർദേശിച്ചു.
സർക്കാരിന്റെ മാർഗ നിർദേശം പ്രകാരം പ്രവർത്തിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിന് തടസമാകുന്ന രീതിയിൽ ഒന്നും പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വയോജന വിശ്രമകേന്ദ്രങ്ങളിൽ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും രാഷ്ട്രീയ-പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതും സർക്കാർ മാർഗനിർദേശപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വ്യക്തമാക്കി.
വിശ്രമകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വായനശാലാ പുസ്തകങ്ങൾ താത്പര്യമുണ്ടെങ്കിൽ കേന്ദ്രത്തിന് സംഭാവനയായി നൽകാമെന്നും അല്ലാത്തപക്ഷം നീക്കം ചെയ്യണമെന്നും കാണിച്ച് വായനശാലാ സെക്രട്ടറിക്ക് കത്ത് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതി ചുമതലപ്പെടുത്തി.
ഔദ്യോഗിക തീരുമാനം നിലനിൽക്കെ കെട്ടിടത്തിൽ വീണ്ടും വായനശാല പ്രവർത്തിപ്പിക്കാനുള്ള ശ്രമം നടന്നു. വിവരമറിഞ്ഞ് കേളകം പൊലിസും സ്ഥലത്തെത്തിയിരുന്നു.
വിഷയം ചർച്ച ചെയ്യുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പൊലിസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Tags : NattuVishesham DistrictNews