പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: ഫ്ലാഗ് ഓഫ് കഴിഞ്ഞ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കാത്തു കിടക്കുന്ന രണ്ടു കണ്ടെയ്നറുകൾ കേരളത്തിന്റെ ചരക്കുകളു മായി 29ന് കടൽ കടക്കും. അതിനായി എംഎസ്സിയുടെ മാരി ലെസ്ലി 28ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും.
വാഴയ്ക്ക, ചക്ക ഉൾപ്പെടെയുള്ള ചിപ്സ്, വറ്റൽ ഉത്പ ന്നങ്ങളും മറയൂർ ശർക്കരയുമായുള്ള നിലമേൽ എക്സ് പോർട്ടിന്റെ കണ്ടെയ്നർ സ്പെയിനിലെ വാലൻഷ്യാ തുറമുത്തേക്കു യാത്ര തിരിക്കുമ്പോൾ ചാക്യാട്ട് എക്സ്പോർട്ടിന്റെ മേൽനോട്ടത്തിൽ കാൽഷ്യന്റ് ക്ലേയുമായുള്ള കണ്ടെയ്നർ തുർക്കിയിലെ ഇ സ്താംബൂളിലേക്ക് പോകും.
ചിപ്സ് ഐറ്റംസ് 21 ദിവസംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ കാൽഷ്യന്റ് ക്ലേ 30 ദിവസത്തിനുള്ളിൽ തുർക്കിയിൽ അടുക്കുമെന്നാണറിവ്. ഹിമാലയൻ എക്സ്പ്രസ് റൂട്ടുവഴി മെഡിറ്ററേനിയൻ പോർട്ടുകൾ, യൂറോപ്പ്, ആഫ്രിക്ക, കാനഡ എന്നിവിടങ്ങളിലേക്കു വിഴിഞ്ഞത്തുനിന്നു നേരിട്ടുള്ള ആദ്യ സർവീസ് ലക്ഷ്യം വച്ചാണ് മാരി ലസ്ലിയുടെ വരവ്.
ഇനിമുതൽ ഈ റൂട്ടിലെക്ക് ചരക്കുമായി പോകാൻ മാസത്തിൽ രണ്ട് കപ്പലുകൾ വീതം വിഴിഞ്ഞം തുറമുഖത്ത് അടുക്കും. കയറ്റിറക്ക് പൂർണതോതിൽ എത്തുന്നതോടെ സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നാണ് ഏജൻസികളുടെ വിലയിരുത്തൽ.
നേരത്തെ കൊച്ചിയിൽ നിന്ന് കൊളംബോ വഴിയായിരുന്നു ഇവരുടെ കയറ്റുമതി. അന്നുള്ളതിനേക്കാൾ പകുതി ദിവസം കൊണ്ട് സ്പെയിനിലും തുർക്കിയിലും എത്തുമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. എന്നാൽ പറയുന്ന തരത്തിലുള്ള കണ്ടെയ്നർ കടത്ത് സാധ്യമാകണമെങ്കിൽ കണ്ടെയ്നർ യാർഡും ഫ്രൈറ്റ് സ്റ്റേഷനും വിഴിഞ്ഞത്തു വരണം. നിലവിൽ കസ്റ്റംസ് സീലിംഗ് പെർമിഷൻ സ്വന്തമായുള്ള ഏജൻസികൾക്കും ഫുൾ കണ്ടെയ്നർ കയറ്റുമതിക്കാർക്കുമാണ് ഇതുവഴിയുള്ള പ്രയോജനം.
ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കയറ്റുമതിക്കാർ വികസനം വരുന്നതുവരെ കാത്തിരിക്കണം. വിഴിഞ്ഞത്ത് കണ്ടെയ്നർ യാർഡ് ഇല്ലാത്തതിനാൽ ചരക്ക് കയറ്റാൻ എംഎസ്സിയുടെ ഒഴിഞ്ഞ കണ്ടെയ്നറുകൾ കൊച്ചിയിൽനിന്ന് എടുത്തുവേണം ഗോഡൗണുകളിൽ എത്തിക്കാൻ. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പല ഏജൻസികളെയും പിന്തിരിപ്പിക്കുന്നതായാണറിവ്. നിലവിൽ ഫ്ലാഗ് ഓഫ് കഴിഞ്ഞ രണ്ട് കണ്ടെയ്നറുകൾക്കുപരി നിലമേൽ എക്സ് പോർട്ടിന്റെ വക ഒരു കണ്ടെയ്നർ അടുത്തമാസം കാനഡയിലേക്കും കയറ്റി അയക്കുമെന്നും അറിയുന്നു. എന്നാൽ ഇറക്കുമതിയുടെ കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനമായില്ല.
വിഴിഞ്ഞത്തെ അടിസ്ഥാന വികസനക്കുറവാണ് ഇറക്കുമതിയെ പിന്നോട്ടടിക്കാൻ കാരണമായും പറയപ്പെടുന്നു.